കൊല്ലം: ഗുരുദർശനം ആഴത്തിൽ പഠിക്കാൻ കൂട്ടായ ഇടപെടൽ വേണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം എസ്.എൻ കോളേജിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടെ പേരിൽ അക്ഷരവും സഞ്ചാരവും വസ്ത്രസ്വാതന്ത്ര്യവും മാത്രമല്ല വിശ്വാസങ്ങൾ പോലും വിലക്കപ്പെട്ടിരുന്ന കാലത്താണ് ഗുരുദേവൻ മനുഷ്യത്വമാണ് ജാതിയെന്ന ആധുനിക ചിന്ത ഉയർത്തിയത്. ഓരോ മനുഷ്യനും തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാനാണ് ഗുരു പഠിപ്പിച്ചത്. മറ്റ് ആചാര്യന്മാരിൽ നിന്ന് വ്യത്യസ്തമായി ആദ്ദേഹം വളരെ ലളിതമായാണ് ദർശനങ്ങൾ അവതരിപ്പിച്ചത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംഘർഷങ്ങൾക്കപ്പുറം ഒരേ മതവിശ്വാസികളായ രാജ്യങ്ങൾ തമ്മിൽ പരസ്പരം യുദ്ധം ചെയ്യുന്ന കാലമാണിത്. ഈ ഘട്ടത്തിൽ അവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം എന്ന ഗുരുദേവ സൂക്തത്തിന് ഏറെ പ്രസക്തിയുണ്ട്. കാലം ചെല്ലുന്തോറും ഗുരുദേവ ദർശനത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. ഗുരുദേവ ദർശനം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് കൊല്ലം ആസ്ഥാനമായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ജയന്തിദിന സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡ് അംഗം രമേശ്, വനിതാസംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. എസ്. സുലേഖ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ, എംപ്ലോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെയും കോ- ഓർഡിനേറ്റർ പി.വി. രെജിമോൻ, ശങ്കേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അനിൽ മുത്തോടം, യൂണിയൻ കൗൺസിലർമാരായ ബി. വിജയകുമാർ, പുണർതം പ്രദീപ്, നേതാജി. ബി. രാജേന്ദ്രൻ, ഷാജി ദിവാകർ, എം. സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ ഇരവിപുരം സജീവൻ, അഡ്വ. എസ്. ഷേണാജി, ജി. രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന കലാമത്സരങ്ങളിലെ വിജയികൾ, ഘോഷയാത്രയിലെ മികച്ച ഫ്ലോട്ട്, മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനം, ശാഖ എന്നിവയ്ക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.