1-

കൊല്ലം: വഴിത്തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ മരിച്ചു. പ്രാക്കുളം തടത്തിൽ വീട്ടിൽ ജയപ്രകാശാണ് (48) കൊല്ലപ്പെട്ടത്. അയൽവാസിയും ബന്ധുവുമായ ഹരിജൻ കോളനി ഷൈനി ഭവനിൽ ഷനുവിനെ (33) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവോണ ദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം.

ഇരുവരും തമ്മിൽ ഉച്ചയ്ക്കും വാക്കുതർക്കമുണ്ടായിരുന്നു. രാത്രിയിൽ തമ്മിൽ കണ്ടതോടെ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പിടിവലിക്കിടെ ജയപ്രകാശിന്റെ തലയ്ക്കടിയേൽക്കുകയും റോഡിൽ നിന്ന് താഴേക്കുള്ള കൽപ്പടവുകളിലേക്ക് മറിഞ്ഞുവീഴുകയും ചെയ്തു. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെ മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഷനുവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. വധശ്രമകുറ്റമാണ് നേരത്തെ ചുമത്തിയിരുന്നത്. കൊലപാതക കുറ്റത്തിന് കേസെടുത്തതായും കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അഞ്ചാലുംമൂട് എസ്.എച്ച്.ഒ സി.ദേവരാജൻ അറിയിച്ചു.