satheesh-babu

കൊല്ലം: വഞ്ചനയ്ക്കും ഭീഷണിപ്പെടുത്തലിനും റിമാൻഡിലായിരുന്ന റിട്ട. എ.എസ്.ഐയെ നീണ്ട വിചാരണയ്ക്കൊടുവിൽ കോടതി കുറ്റവിമുക്തനാക്കി. കൊല്ലം പുത്തൂർ ഐവർകാല ഈസ്റ്റ് ഷണ്മുഖ വിലാസം വീട്ടിൽ സതീഷ്‌ ബാബുവിനെയും കൂട്ടുപ്രതികളെയുമാണ് തെളിവിന്റെ അഭാവത്തിൽ വിട്ടയച്ചത്. ദീർഘകാലം പൊലീസിൽ സേവനം അനുഷ്ഠിച്ച വ്യക്തിയാണെന്ന പരിഗണനപോലും നൽകാതെ സഹപ്രവർത്തകർ സർവീസിലായിരുന്നപ്പോഴുള്ള വ്യക്തി വൈരാഗ്യം മൂലം കേസ് കെട്ടിച്ചമച്ചതാണെന്ന് സതീഷ് ബാബു പറ‌ഞ്ഞു. താൻ മുമ്പ് അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്ന് ജയിലിനുള്ളിൽ വച്ച് മർദ്ദനം ഏൽക്കേണ്ടി വന്നുവെന്നും ശാസ്താംകോട്ട പൊലീസ് ലോക്കപ്പിലും കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ലോക്കപ്പിലും അർദ്ധ നഗ്നനാക്കി മർദ്ദിച്ചുവെന്നും സതീഷ്ബാബു പറഞ്ഞു.

പ്രതികൾക്ക് വേണ്ടി അഡ്വ. പി.എ.പ്രിജി ഹജരായി. ബന്ധുവീട്ടിലെത്തിയ സതീഷ്‌ ബാബുവിനെതിരെ ബന്ധുക്കളോടൊപ്പം പ്രതിസ്ഥാനത്താക്കി വഞ്ചന, ഭീഷണിപ്പെടുത്തൽ, അതിക്രമം, മർദ്ദനം, നാശനഷ്ടം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. കള്ളക്കേസിൽ കുടുക്കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി ആരംഭിച്ചു.