 
കുന്നത്തൂർ : കുന്നത്തൂർ നെടിയവിള ക്ഷേത്രം ജംഗ്ഷനിൽ നിന്ന് പുത്തനമ്പലം - കടമ്പനാട് ഭാഗത്തേക്കുള്ള റോഡിന്റ തുടക്കഭാഗത്തെ മൂടിയില്ലാത്ത ഓട മരണക്കെണിയാകുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് കുന്നത്തൂർ സ്വദേശിയായ അനിൽകുമാർ (49) ഓടയിൽ വീണ് മരിച്ചു. ഓടയിൽ വീണ് ഒരാളുടെ ജീവൻ പൊലിഞ്ഞിട്ടും ഓടയ്ക്ക് മൂടി സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയ്യാറായിട്ടില്ല. രാത്രിയിൽ ഓടയ്ക്ക് സമീപമിരുന്ന സ്കൂട്ടറിൽ കയറവേയാണ് അനിൽകുമാർ കാൽ തെറ്റി ഓടയിലേക്ക് വീണത്.
തിരക്കേറിയ ജംഗ്ഷൻ
പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്, ഹോമിയോ ആശുപത്രി ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തിരക്കേറിയ ജംഗ്ഷനാണിത്. രാത്രിയായാൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്തില്ല. പരിസരത്ത് വെളിച്ചമില്ലാത്തതും ആളുകൾ ഓടയിൽ വീഴാൻ കാരണമാണ്.
പുത്തനമ്പലം ഭാഗത്തേക്ക് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് ഈ ഓടയ്ക്ക് പിന്നിലായാണ്. പല സമയങ്ങളിലായി സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ബസ് കാത്ത് നിൽക്കുന്നത്. ബസ് കയറാനായി ഓടുന്നവരും ഓടയിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്. ഓടയ്ക്ക് സമീപമുള്ള കടകളിലേക്ക് കയറാൻ കടയുടമകൾ തന്നെ സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും ഫലപ്രദമല്ല. മഴക്കാലത്ത് ഓട നിറഞ്ഞൊഴുകുമ്പോൾ പാതയോരത്ത് നിൽക്കാനും കഴിയില്ല.
നടപടിയെടുക്കാതെ എം.എൽ.എയും
പഞ്ചായത്ത് അധികൃതരും
കൊട്ടാരക്കര - ശാസ്താംകോട്ട, പുത്തനമ്പലം - കടമ്പനാട് റോഡുകളിലൂടെയാണ് ഓട കടന്നുപോകുന്നത്. ഇരു പാതകളും പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലാണ്. വർഷങ്ങളായി കോവൂർ കുഞ്ഞുമോൻ എം.എൽ.എയ്ക്ക് നിവേദനം നൽകിയിട്ടും നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും അദ്ദേഹം നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പഞ്ചായത്ത് ഓഫീസിന്റെ മൂക്കിൻ തുമ്പത്താണെങ്കിലും അവരും നടപടിയെടുക്കാൻ തയ്യാറല്ല.
അടിയന്തരമായി ഓടയ്ക്ക് മൂടി സ്ഥാപിക്കാൻ നടപടി ഉണ്ടാവണം. ഇനിയൊരു ജീവൻ പോലും പൊലിയാൻ ഇടവരുത്തരുത്. പൊതുമരാമത്ത് വകുപ്പുമന്ത്രിയ്ക്ക് പരാതി നൽകും.
ഹരി പുത്തനമ്പലം
യൂത്ത് കോൺഗ്രസ്
കുന്നത്തൂർ മണ്ഡലം പ്രസിഡന്റ്