 
കുന്നത്തൂർ : മൈനാഗപ്പള്ളി ചിത്തിര വിലാസം യു.പി സ്കൂളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയും ശതാബ്ദി ആഘോഷ പരിപാടികൾ നടക്കും.ഇന്ന് മെഗാ ക്വിസ്സ്,കലാസന്ധ്യ എന്നിവയും നാളെ പകൽ 12ന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.ശതാബ്ദി ഫലവൃക്ഷതൈ വിതരണോദ്ഘാടനവും കുട്ടികൾ ഏറ്റെടുക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി പി.പ്രസാദ് നിർവഹിക്കും . കോവൂർ കുത്തുമോൻ എം.എൽ.എ അദ്ധ്യക്ഷ
നാകും.
1921 ൽ തെക്കൻ മൈനാഗപ്പള്ളി ഇലവിനാൽ വീട്ടിൽ പരമേശ്വരൻ പിള്ളയാണ് ചിത്തിരവിലാസം എൽ.പി,യു.പി സ്കൂളുകൾ സ്ഥാപിച്ചത്. എൽ.പി സ്കൂൾ,യു.പി സ്കൂൾ,ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂൾ എന്നീ മൂന്ന് സ്ഥാപനങ്ങളും ഒരു കാലഘട്ടത്തിൽ വളരെ പെരുമയോടെ പ്രവർത്തിച്ചിരുന്നു. ഒറ്റ മാനേജ്മെന്റിന്റെ കീഴിലായിരുന്നു ഈ മൂന്ന് സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നത്. 1950 ന് മുമ്പ് കരുനാഗപ്പള്ളി, കുന്നത്തൂർ, ചവറ മേഖലയിലെ ഏക ടീച്ചേഴ്സ്ട്രെയിനിംഗ് സ്കൂളായിരുന്നു ചിത്തിരവിലാസം. പിന്നീട് മാനേജ്മെന്റ് എൽ.പി സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂൾ ചില പ്രത്യേക സാഹചര്യത്തിൽ സർക്കാർ നിറുത്തലാക്കി. യു.പി സ്കൂൾ അതേ മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. എൽ.പി,യു.പി സ്കൂളുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.