 
കുന്നിക്കോട് : കാൻസർ ബാധിതയായ അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി സംഭവ സ്ഥലത്ത് ഇന്നലെ കുന്നിക്കോട് പൊലീസ് തെളിവെടുപ്പ് നടത്തി. കോക്കാട് തെങ്ങറക്കാവ് വിജയ വിലാസത്തിൽ പൊന്നമ്മയെയാണ് (90) മകളുടെ മകൻ സുരേഷ് കുമാർ (ഉണ്ണി-35) കൊലപ്പെടുത്തിയത്. 9ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം.
പിറ്റേന്ന് രാവിലെ സംസ്കാര ചടങ്ങുകൾ നടത്താനിരിക്കെ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും പൊലീസിൽ അറിയിച്ചതാണ് കേസ് അന്വേഷണത്തിന് വഴിത്തിരിവായത്. വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രതി പൊന്നമ്മയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കട്ടിലിന്റെ പടിയിൽ തലയിടിപ്പിച്ചും നെഞ്ചിൽ കൈ കൊണ്ട് ഇടിച്ചുമാണ് കൊലപ്പെടുത്തിയത്. ശേഷം ആരും കാണാതെ പൊന്നമ്മ ഉപയോഗിച്ച മെത്തയും തലയിണയും തോർത്തും വീടിന്റെ സമീപത്തുള്ള റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു. ഇത് പൊലീസ് കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്കയച്ചു. സുരേഷ്‌കുമാർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ വഴക്കുപറഞ്ഞതിൽ പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സുരേഷ് കുമാർ ടാക്സി ഡ്രൈവറാണ്. കുന്നിക്കോട് എസ്.എച്ച്.ഒ എം.അൻവറിന്റെ നേതൃത്വതിൽ എസ്.ഐ. ഫൈസൽ, എ.എസ്.ഐ. ഷാനവാസ്, എസ്.സി.പി.ഒ.മാരായ ബാബുരാജ്, ഗിരീഷ്, അംബിക എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കൊല്ലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.