phot
ഇടമൺ സത്രം ജംഗ്ഷന് സമീപത്തെ വലത്കര കനാലിനോട് ചേർന്ന് ഷാജിമോൻെറ കൃഷികൾകാട്ടാന കൂട്ടം നശിപ്പിച്ച നിലയിൽ

പുനലൂർ: ഇടയ്ക്കിടെ കിഴക്കൻ മലയോരത്തെ ജനവാസമേഖലകളിലേക്കുള്ള കാട്ടാനകളുടെ വരവ് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. കാട്ടാനകൾ കൂട്ടത്തോടെ വന്ന് കൃഷികൾ നശിപ്പിക്കുന്നതും പൊതുവഴികളിൽ ഇറങ്ങി നിൽക്കുന്നതും പതിവായി. ഇടമൺ സത്രം ജംഗ്ഷന്സമീപത്തെ വലത്കര കനാലിനോട് ചേർന്ന ചരുവിലഴികത്ത് വീട്ടിൽ ഷാജിമോൻ, സഹോദരൻ സുധീർ ബാബു, പ്രതാപൻ, മുരളീധരൻ പിള്ള തുടങ്ങിയവരുടെ ഏത്തവാഴ, നാടൻ വാഴ,തെങ്ങ്, കമുക് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ഞായറാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. രാത്രി 11ന് പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയതായി താമസക്കാർക്ക് സംശയം തോന്നിയിരുന്നു. കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ട താമസക്കാർ പുറത്ത് ഇറങ്ങിയപ്പോഴാണ് സംഭവം കണ്ടത്. തുടർന്ന് കാട്ടാനകളെ വിരട്ടി ഓടിച്ചു. 4 കിലോമീറ്റർ ദൂരെയുള്ള ചിറ്റാലംകോട് വനത്തിൽ നിന്നാണ് ജനവാസ മേഖലകൾ വഴി ട്രെയിൽവേ ട്രാക്കും കടന്ന് കാട്ടാനകൾ ഇടമൺ സത്രം ജംഗ്ഷന് സമീപത്തെ ജനസാന്ദ്രതയേറിയ സ്ഥലത്തെത്തി കൃഷികൾ നശിപ്പിച്ചത്.

സാമ്പത്തിക പ്രതിസന്ധിയിൽ

ശനിയാഴ്ച പുലർച്ചെ ചിറ്റാലംകോട് സ്വദേശി ശശിധരന്റെ പുരയിടത്തിലെ കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. ഇത് കൂടാതെ തോണിച്ചാൽ, വാഴവിള, ചെറുതന്നൂർ, ഉപ്പുകുഴി, ചാലിയക്കര തുടങ്ങിയ ഇടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. രണ്ടാഴ്ച മുമ്പ് ചെറുതന്നൂരിലെ വാളവിളയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ ശിവാനന്ദന്റെ മതിൽകെട്ട് കുത്തി മാറിച്ചിട്ടു. ദ്വാരക, കനാൽ പുറമ്പോക്ക് തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാരും രണ്ട് മാസമായി കാട്ടാന ഭീതിയാണ്. കാട്ടാനയെ കണ്ട് കനാൽ പുറമ്പോക്ക് നിവാസികൾ കുട്ടികളെയും കൊണ്ട് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട സംഭവവും കഴിഞ്ഞ മാസം ഉണ്ടായി. ചിറ്റാലംകോട്ടെ സ്വകാര്യ ഭൂമിയിലെ കൈത പ്ലാന്റേഷനിൽ എത്തുന്ന കാട്ടാനകൾ അവിടെ ക്യാമ്പ് ചെയ്യും. തുടർന്നാണ് നാട്ടിലേക്ക് ഇറങ്ങി വ്യാപകമായ നാശം വിതക്കുന്നത്. കാർഷിക വിളകളെല്ലാം കാട്ടാന നശിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കർഷകർ.

സൗരോർജ്ജ വേലികൾ ഇല്ല

വർഷങ്ങൾക്ക് മുമ്പ് വനാതിർത്തിയോട് ചേർന്ന് വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജ വേലികൾ നശിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇത് പുനസ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. തെന്മല,ആര്യങ്കാവ് പഞ്ചായത്തുകളിലാണ് കാട്ടാനയടക്കമുള്ള വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. ആര്യങ്കാവ് പഞ്ചായത്തിലെ ആനച്ചാടി, ഇരുളൻകാട്, അമ്പനാട്, വെഞ്ച്വർ, പ്രീയ എസ്റ്റേറ്റ്, ഇടപ്പാളയം, മുരുകൻ പാഞ്ചാലി,കോട്ടവാസൽ തുടങ്ങിയ പ്രദേശങ്ങൾക്ക് പുറമെ തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, ഉറുകുന്ന്, തെന്മല, നെടുംപച്ച, ആനപെട്ടകോങ്കൽ, ചെറുകടവ്, ഓലപ്പാറ തുടങ്ങിയ ജനവാസ മേഖലകളിലും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ച് വരികയാണ്.

ജനവാസ മേഖലയോട് ചേർന്ന വനാതിർത്തികളിൽ കിടങ്ങുകൾ കുഴിച്ചാൽ ഒരു പരിധിവരെ കാട്ടാനകൾ നാട്ടിൻ പുറങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും.

എൻ.കോമളകുമാർ

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്

സ്ഥിരം സമിതി അദ്ധ്യക്ഷൻ