കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 14 മുതൽ 17 വരെ ജില്ലയിൽ പര്യടനം നടത്തും. ഇന്ത്യയെ ഒന്നിപ്പിക്കുക, ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്നീ മുദ്രാവാക്യങ്ങളുയർത്തി കന്യാകുമാരി മുതൽ കാശ്മീർ വരെയാണ് ഭാരത് ജോഡോ യാത്ര.
14ന്
രാവിലെ 7ന് പാരിപ്പള്ളി മുക്കടയിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ യാത്രയെ സ്വീകരിച്ച് ജില്ലയിലൂടെയുള്ള പ്രയാണം ആരംഭിക്കും. 10ന് ചാത്തന്നൂരിന് സമീപമുള്ള എംപയർ ഓഡിറ്റോറിയത്തിന് മുന്നിൽ യാത്രയെത്തും. തുടർന്ന് മുൻ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന സി.വി. പത്മരാജനുമായി കൂടിക്കാഴ്ച. ഉച്ചയ്ക്ക് 2 മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികളുമായി രാഹുൽഗാന്ധി സംവദിക്കും. വൈകിട്ട് 3ന് ചാത്തന്നൂരിൽ നിന്ന് യാത്ര ആരംഭിച്ച് പള്ളിമുക്കിൽ പൊതുയോഗത്തോടെ സമാപിക്കും. 15ന് രാഹുൽഗാന്ധി അടക്കമുള്ള യാത്രികർക്ക് വിശ്രമം. പള്ളിമുക്ക് യൂനുസ് കോളേജിലായിരിക്കും രാഹുൽ ഗാന്ധിക്കൊപ്പമുള്ള സ്ഥിരം യാത്രികർ അന്ന് തങ്ങുക. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചതിന് ശേഷമുള്ള ആദ്യവിശ്രമദിനമാണന്ന്.
16ന്
രാവിലെ 6.30ന് വൃക്ഷത്തൈകൾ നട്ടുകൊണ്ട് യാത്ര പോളയത്തോടിൽ നിന്ന് ആരംഭിച്ച് നീണ്ടകരയിൽ 10.30ന് സമാപിക്കും. രാവിലെ ആർ.എസ്.പി നേതാക്കളുമായും ഉച്ചയ്ക്ക് ശേഷം കശുഅണ്ടി തൊഴിലാളികളുമായും കശുഅണ്ടി വ്യവസായി പ്രതിനിധികളുമായും സംവദിക്കും. 3.30ന് യാത്ര നീണ്ടകരയിൽ നിന്ന് പുനരാരംഭിച്ച് കരുനാഗപ്പള്ളിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.
17ന്
രാവിലെ 6.30ന് യാത്ര കരുനാഗപ്പള്ളിയിൽ നിന്ന് ആരംഭിച്ച് ഓച്ചിറ വഴി ആലപ്പുഴയിൽ ജില്ലയിൽ പ്രവേശിക്കും.
ജില്ലയിൽ എല്ലാ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളിൽ നിന്നും പ്രവർത്തകരും, കുടുംബാംഗങ്ങളും പദയാത്രയിൽ അണിചേരുമെന്ന് യാത്രയുടെ ജില്ലാതല ചെയർമാനും ഡി.സി.സി പ്രസിഡന്റുമായ പി. രാജേന്ദ്രപ്രസാദും യാത്രയുടെ കോ- ഓർഡിനേറ്റർ കെ.സി.രാജനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെയുള്ള പ്രയാണ സമയത്ത് ആ മണ്ഡലത്തിലുള്ള കോൺഗ്രസ് പ്രവർത്തകരും വൈകിട്ട് സമീപ മണ്ഡലങ്ങളിൽ നിന്നടക്കമുള്ള പതിനായിരക്കണത്തിനാളുകളും രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന തരത്തിലാണ് ക്രമീകരണം. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു, കോയിവിള രാമചന്ദ്രൻ, എ. ഷാനവാസ് ഖാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.