
കൊല്ലം: ദീർഘകാലമായി തമ്മിലുണ്ടായിരുന്ന തർക്കത്തെ തുടർന്ന് ദമ്പതികളെ ആക്രമിച്ച മദ്ധ്യവയസ്കനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. മൈലക്കാട് ശിവൻനട പടിഞ്ഞാറ്റതിൽ ബൈജുവാണ് (ശങ്കു, 50) പിടിയിലായത്. സുഹൃത്തും സമീപവാസിയുമായ രഘുരാജനെയും ഭാര്യയെയും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ഓടെയാണ് ഇരുമ്പ് വടികൊണ്ട് ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്കും തോളെല്ലിനും മാരകമായി പരിക്കേറ്റ രഘുരാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യയെ ചവിട്ടി താഴെയിട്ട് മർദ്ദിക്കുകയും ചെയ്തു. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തിൽ എസ്.ഐ ഷിഹാസ്, സി.പി.ഒമാരായ പ്രവീൺ ചന്ദ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.