കൊല്ലം: സംശയാസ്പദമായ നിലയിൽ നിൽക്കുന്നത് കണ്ട യുവാക്കളെ എക്സൈസ് പിടികൂടി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെ ഉളിയക്കോവിൽ ടൗൺ അതിർത്തി- കൂട്ടാണി റോഡിലാണ് സംഭവം. ഒരാൾ ഓടിരക്ഷപ്പെട്ടു.

തൃക്കോവിൽ വട്ടം നടുവിലക്കര സുബിൻ ഭവനിൽ സുബിൻ (19), കിളികൊല്ലൂർ പുളിയത്ത് മുക്ക് എം.ജി നഗർ 47 പുളിക്കേത്ത് വീട്ടിൽ ദിനുരാജ് (18) എന്നിവരാണ് പിടിയിലായത്. പെരിനാട് പാമ്പാലിൽ ജയന്തി കോളനിയിൽ മനുരാജാണ് (24) രക്ഷപ്പെട്ടത്. ബൈക്കിൽ നിന്ന് 20 ഗ്രാം കഞ്ചാവും യുവാക്കളുടെ കൈയിൽ നിന്ന് 0.3558 ഗ്രാം എം.ഡി.എം.എയുമാണ് കണ്ടെടുത്തത്. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് ബൈക്കുകളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മനുരാജ് താമസിക്കുന്ന ടൗൺ അതിർത്തിയിലുള്ള മുനിസിപ്പൽ കോളനി നന്മ നഗറിൽ പുത്തൻ കിഴക്കതിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.150 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തു.

കൊല്ലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി. രാജുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വി.വിജയകൃഷ്ണൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മിനിഷ്യസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്യാം കുമാർ, ശ്രീവാസ്, സി. ശ്രീകുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷീജാകുമാരി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ​