
ഓയൂർ: സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലംകുന്ന് ബിലാൽ നഗറിൽ കൊല്ലംകോട് പുത്തൻ വീട്ടിൽ ഷൗക്കത്ത് അലി (64) യെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഷൗക്കത്തലിയുടെ ബന്ധുവും അയൽവാസിയുമായ കുട്ടിയെ സ്കൂളിലേക്ക് വിടാമെന്ന് പറഞ്ഞ് ഇയാളുടെ സ്കൂട്ടറിൽ കയറാൻ പറഞ്ഞെങ്കിലും കുട്ടി തയ്യാറായില്ല. പിന്നീട് സ്കൂട്ടറിൽ മുന്നോട്ട് പോയ ഇയാൾ വഴിയിൽ കാത്തുനിന്ന് അതുവഴി വന്ന പെൺകുട്ടിയെ നിർബന്ധിച്ച് സ്കൂട്ടറിൽ കയറ്റി ഊടുവഴികളിലുടെ പോവുകയും ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ അശ്ലീല ചുവയിൽ സംസാരിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് കുട്ടിയെ പൂയപ്പള്ളി ജംഗഷനിൽ ഇറക്കിവിട്ടു. അവിടെ നിന്ന് പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സ്കൂളിലും പൊലീസിലും വിവരംഅറിയിച്ചു. തുടർന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഷൗക്കത്തിനു വേണ്ടി പ്രദേശത്താകെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതി കണ്ണനല്ലൂരിലുള്ള മകളുടെ വീട്ടിലേക്ക് പോയി. ഇവിടെനിന്നും ഇയാൾ വീട്ടിലേയ്ക്ക് മടങ്ങിവരുന്ന വിവരം അറിഞ്ഞ പൊലീസ് പൂയപ്പള്ളി നെയ്തോട് ഭാഗത്ത് വെച്ച് പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിന്മേൽ പോക്സോ പ്രകാരം കേസെടുത്ത ഷൗക്കത്ത് അലിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു. പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിൽ എ. എസ്.മാരായ ചന്ദ്രകുമാർ, അനിൽകുമാർ, ഡബ്ല്യു.സി.പി. ഒ.ജുമൈല ബീവി, എസ്.സി.പി.ഒ. എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.