
 നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
കൊല്ലം: മൺറോത്തുരുത്തിൽ പനമ്പിൽ തോടിന് കുറുകെ പട്ടംതുരുത്ത് ഈസ്റ്റ്, നെന്മേനി തെക്ക്, കൺട്രാംകാണി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലുവിള പാലത്തിന്റെ പുനർനിർമ്മാണത്തിന് ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 54 ലക്ഷം രൂപ അനുവദിച്ചു.
ഇരുപത്തിയഞ്ച് വർഷം മുമ്പ് 11 മീറ്റർ നീളത്തിലും രണ്ടേകാൽ മീറ്റർ വീതിയിലും പണിതപാലം ജനുവരിയിലാണ് തകർന്നുവീണത്. ബലക്ഷയം ചൂണ്ടിക്കാട്ടി നേരത്തെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇതുവഴി ഇരുചക്ര വാഹനങ്ങൾ മാത്രമാണ് കടന്നുപോകാൻ അനുവദിച്ചിരുന്നത്. അപകടത്തെ തുടർന്ന് ജില്ലാ പഞ്ചായത്തംഗം ബാൾഡുവിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായാണ് ജില്ലാ പഞ്ചായത്ത് പാലത്തിനായി തുക അനുവദിച്ചത്.
ജനുവരി 26ന് രാത്രി 7.30 ഓടെ നെന്മേനി തെക്ക് ചെറുകാട്ടിൽ അഭിഷേക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് പാലം തകർന്നുവീണത്. തകർന്ന പാലത്തിനൊപ്പം ബൈക്കും അഭിഷേകും തോട്ടിലേക്ക് വീണിരുന്നു.
ബലക്ഷയം കണ്ടിട്ടും ഗൗനിച്ചില്ല
വർഷങ്ങൾക്ക് മുമ്പേ പാലത്തിന്റെ ബലക്ഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ല. പുതുതായി നിർമ്മിക്കുന്ന പാലം 6 മീറ്റർ വീതിയിലാണ് പുനർനിർമ്മിക്കുന്നത്. ടെണ്ടർ നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
പുതിയ പാലം നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്. പണികൾ വേഗത്തിലാക്കാനുള്ള നടപടികൾ കൂടി അധികൃതർ സ്വീകരിക്കണം.
ആർ. അശോകൻ, റിട്ട. സപ്ലൈ ഓഫീസർ, പ്രദേശവാസി