
ചാത്തന്നൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കായിക കേരളത്തിന് പുത്തൻ ഉണർവേകുന്നതായി കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റും കേരള സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റുമായ ഡോ. ശൂരനാട് രാജശേഖരൻ പറഞ്ഞു. പരവൂർ മുനിസിപ്പൽ സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ തെക്കുംഭാഗം സ്‌കൂൾ മൈതാനത്ത് സംഘടിപ്പിച്ച ഫുട്ബാൾ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 450 കിലോമീറ്റർ ദൂരത്തിൽ 19 ദിവസങ്ങളായി സഞ്ചരിക്കുന്ന പദയാത്ര കലാ കായിക മേഖലകളിലും, സാമൂഹിക സാംസ്‌കാരിക മേഖലകളിലും ഉണർവ്വേകി നൂതനമായ ആശയങ്ങൾക്കും മാറ്റങ്ങൾക്കും തുടക്കം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ എ.ഷുഹൈബ് അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗവും സ്വാഗത സംഘം നിയോജക മണ്ഡലം കോ ഓർഡിനേറ്ററുമായ
നെടുങ്ങോലം രഘു, ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ശ്രീലാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എം.സുന്ദരേശൻ പിള്ള, ബിജുപാരിപ്പള്ളി, ബിജു വിശ്വരാജൻ, സിജിപഞ്ചവടി, സാദിഖ് പരവൂർ, ഷിബിനാഥ് തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഷാരൂഖ് ഷുഹൈബ്, ഷെമീർ, അഫ്സൽ, ഹിജിലാസ്, ഷംസു, അയൂബ് തുടങ്ങിയവർ നേതൃത്വം നൽകി. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി 12 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എം.എഫ്.സി പരവൂർ വിജയികളായി. എഫ്.സി തെക്കുംഭാഗം റണ്ണറപ്പായി.
പി.എസ്.സി മുൻ അംഗം അഡ്വ. ജി. രാജേന്ദ്ര പ്രസാദ് സമ്മാനദാനം നിർവഹിച്ചു. പരവൂർ നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെ.ഷെരീഫ്, ഭാരത് ജോഡോ യാത്ര സാംസ്‌കാരിക വിഭാഗം ജില്ലാ കൺവീനർ എൻ. ജയചന്ദ്രൻ, വിജയ് പരവൂർ, പൊഴിക്കര വിജയൻ പിള്ള എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.