കൊല്ലം: ബൈപ്പാസിലെ കുരീപ്പുഴ ടോൾ ബൂത്തിലെത്തിയ യുവാവിനെയും വിദ്യാർത്ഥിനിയായ സഹോദരിയെയും ടോൾ പ്ലാസ ജീവനക്കാർ ആക്രമിച്ചതായി പരാതി.

ഞായറാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. ഫാസ്​ടാഗുള്ള വാഹനങ്ങൾ വളരെ അധികം സമയം ടോൾ ബൂത്തിൽ സമയമെടുക്കുന്നെന്നും പത്ത് വാഹനങ്ങളിൽ കൂടുതലുണ്ടെങ്കിൽ ടോൾ പിരിക്കാതെ കടത്തിവിടണമെന്ന ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടിയതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.

മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘമാണ് മർദ്ദിച്ചതെന്നാണ് പരാതി. യുവതിയെയും സഹോദരനെയും മർദ്ദിക്കുന്നത് കണ്ട ബൈക്ക് യാത്രികനും പൊതുപ്രവർത്തകനുമായ തഴവ പുലയർ വഞ്ചി വടക്ക് ബേക്കറി ജംഗ്‌ഷന് സമീപം റഹ്മാനിയ കോട്ടേജിൽ ഫാസിൽ റഹ്മാനാണ് അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയത്.

അതേ സമയം ടോൾ പ്ലാസ ജീവനക്കാരിയെ അസഭ്യം പറയുകയും കൈയിൽ കയറി പിടിച്ചതിനെയും തുടർന്നാണ് അക്രമം ഉണ്ടായതെന്നാണ് ടോൾ പ്ലാസ ജീവനക്കാർ പറയുന്നത്. ടോൾ പ്ലാസ ജീവനക്കാരും പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നിരീക്ഷണ കാമറകൾ പരിശോധിച്ച് മേൽ നടപടി സ്വീകരിക്കുമെന്ന് അഞ്ചാലുംമൂട് എസ്.എച്ച്.ഒ സി.ദേവരാജൻ പറഞ്ഞു.