award

കൊല്ലം: വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഉജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ആറ് മുതൽ 11 വയസ്, 12 മുതൽ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി ജില്ലയിൽ നിന്ന് 4 കുട്ടികളെയാണ് തിരഞ്ഞെടുക്കുന്നത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യസംസ്​കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്ട് ശില്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ച കുട്ടികൾക്ക് അപേക്ഷിക്കാം. ഭിന്നശേഷി കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കും. വിജയിക്ക് പുരസ്​കാരവും 25,000 രൂപ പാരിതോഷികവും നൽകും. 2021 ജനുവരി മുതൽ ഡിസംബർ 31 വരെ കാലയളവിൽ നിശ്ചിത പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്.

സർട്ടിഫിക്ക​റ്റുകൾ, പ്രശസ്തി പത്രങ്ങൾ, പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ ഉണ്ടെങ്കിൽ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സി.ഡി, പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ, സാക്ഷ്യപത്രം എന്നിവയുൾപ്പെടെ www.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷാഫോമിനൊപ്പം ജില്ലാ ശിശുക്ഷേമ വകുപ്പ് ഓഫീസിൽ 30 നകം അപേക്ഷിക്കണം. കേന്ദ്ര സർക്കാരിന്റെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്‌​സപ്ഷണൽ അച്ചീവ്‌​മെന്റ് പുരസ്​കാരം കരസ്ഥമാക്കിയവരും ഒരുതവണ ഉജ്വല ബാല്യം പുരസ്കാരം ലഭിച്ച കുട്ടികളും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0474 2791597.