 
കരുനാഗപ്പള്ളി: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കരുനാഗപ്പള്ളി. 16ന് വൈകിട്ട് കരുനാഗപ്പള്ളിയിൽ സമാപിക്കുന്ന യാത്രയിൽ മുപ്പതിനായിരം പ്രവർത്തകർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. 17ന് രാവിലെ കരുനാഗപ്പള്ളിയിൽ നിന്ന് പ്രയാണം ആരംഭിക്കുന്ന യാത്രയിൽ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ നിന്നുള്ള പതിനായിരത്തോളം പ്രവർത്തകർ ജില്ലാ അതിർത്തിയായ ഓച്ചിറ വരെ പങ്കാളികളാകും. കോൺഗ്രസ് കുടുംബങ്ങളെ പൂർണമായും പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ബൂത്ത് തലത്തിൽ പ്രവർത്തകർ ഒന്നിലധികം തവണ ഭവന സന്ദർശനം നടത്തി. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വം ഇല്ലാത്തവരെയും പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള
ശ്രമത്തിലാണ് പ്രവർത്തകർ. ഒരു മാസത്തിന് മുമ്പ് തുടങ്ങിയ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലം കേന്ദ്രീകരിച്ചുള്ള കൺവെൻഷനും 11 മണ്ഡല കൺവെൻഷനുകളും 182 ബൂത്ത് കൺവെൻഷനുകളും പൂർത്തിയാക്കി. ഐ.എൻ.ടി.യു.സി, മഹിളാ കോൺഗ്രസ്, പ്രവാസി കോൺഗ്രസ്, കർഷക കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ പ്രവർത്തക സമ്മേളനങ്ങളും വിപുലമായി വിളിച്ച് ചേർത്തു.
അലങ്കാരങ്ങളും കൂറ്രൻ കമാനങ്ങളും
യാത്ര കടന്ന് വരുന്ന കന്നേറ്റി മുതൽ ഓച്ചിറ വരെ ദേശീയപാതയുടെ ഇരു വശങ്ങളും സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും കൂറ്രൻ കമാനങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ബൂത്ത് കമ്മിറ്റികൾ കേന്ദ്രീകരിച്ച് ഗ്രാമ പ്രദേശങ്ങളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുകയും അലങ്കരിക്കുകയും ചെയ്തു. 16ന് വൈകിട്ട് കന്നേറ്റി പാലത്തിന് സമീപത്തു നിന്ന് രാഹുൽ ഗാന്ധിയെയും യാത്രയിലെ അംഗങ്ങളെയും വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ സമാപന സമ്മേളന നഗറിലേക്ക് ആനയിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ, ചീഫ് കോ - ഓർഡിനേറ്റർ ചിറ്റുമൂല നാസർ, കൗൺവീനർമാരായ എൻ.അജയകുമാർ, നീലികുളം സദാനന്ദൻ എന്നിവർ പറഞ്ഞു.