court

■പൊലീസിനെതിരെ നടപടിയില്ലെങ്കിൽ ഇന്ന് സമരം കടുപ്പിക്കും

കൊല്ലം: അഭിഭാഷകനെ മർദ്ദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിനവും കൊല്ലം സിറ്റി പൊലീസ് പരിധിയിലെ കോടതികൾ അഭിഭാഷകർ ബഹിഷ്കരിച്ചു.

കൊല്ലം സിവിൽ സ്റ്റേഷൻ വളപ്പിലെയും പരിസരത്തെയും കോടതികൾക്ക് പുറമേ കരുനാഗപ്പള്ളി, പരവൂർ, ചവറ കോടതികളാണ് ഇന്നലെ ബഹിഷ്കരിച്ചത്. അഭിഭാഷകർ സംഘടിച്ച് കൊല്ലം സിവിൽ സ്റ്റേഷനിലെ ബാർ അസോസിയേഷൻ ഹാളിന് മുന്നിൽ മുദ്രാവാക്യം മുഴക്കിയെങ്കിലും ,തിങ്കളാഴ്ചയിലേതു പോലെ കോടതികളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുമായി ഏറ്റുമുട്ടലിലേക്ക് പോയില്ല.

തിങ്കളാഴ്ച വൈകിട്ട് ബാർ അസോസിയേഷൻ ഭാരവാഹികൾ നേരിൽക്കണ്ട് പരാതി നൽകിയപ്പോൾ ,അന്വേഷിച്ച് 24 മണിക്കൂറിനകം നടപടിയെടുക്കുമെന്ന് കമ്മിഷണർ ഉറപ്പ് നൽകിയിരുന്നു. ഇന്ന് രാവിലെ നടപടി സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം.

അതേ സമയം കോടതികൾ ഭൂരിഭാഗവും പ്രവർത്തിച്ചു. എ.പി.പിമാർ കോടതികളിൽ ഹാജരായി. കസ്റ്റഡിയിലും ജയിലിലുമുള്ള പ്രതികളെ നേരിട്ട് കൊണ്ടുവരാതെ വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയത്. ബാക്കിയുള്ള കേസുകളിൽ പ്രതികളും പ്രതിഭാഗം അഭിഭാഷകരും ഹാജരില്ലാത്തതിനാൽ മാറ്റി വച്ചു.കൊല്ലം ബാറിലെ അഭിഭാഷകനായ പനമ്പിൽ എസ്. ജയകുമാറിനെ കരുനാഗപ്പള്ളി പൊലീസ് ലോക്കപ്പിലിട്ട് മർദ്ദിച്ചെന്ന് ആരോപിച്ചാണ് അഭിഭാഷകരുടെ പ്രതിഷേധം. ഇക്കഴിഞ്ഞ 5നായിരുന്നു സംഭവം. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഹൈക്കോടതി അഭിഭാഷകർ ഇന്ന് കോടതികളിൽ കറുത്ത ബാഡ്ജ് ധരിച്ചെത്തും.

കമ്മിഷണറുടെ നിർദ്ദേശ പ്രകാരം കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി കെ. അശോക കുമാർ ഇന്നലെ പരാതിക്കാരനായ അഡ്വ. പനമ്പിൽ എസ്. ജയകുമാറിന്റെ മൊഴി രേഖപ്പെടുത്തി. രാത്രി വൈകി ആരോപണ വിധേയരായ കരുനാഗപ്പള്ളി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. ഇന്ന് രാവിലെ റിപ്പോർട്ട് നൽകാനാണ് സാദ്ധ്യത.