chavara-
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെവരവേൽക്കാൻ നീണ്ടകര പാലത്തിൽ കൊടിതോരങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ചവറ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാൻ ചവറ ഒരുങ്ങി. ചവറ മണ്ഡലത്തിലെ സ്വീകരണം 16ന് രാവിലെ 9.30 രാമൻ കുളങ്ങരയിൽ നിന്ന് കാൽനടയായി ആരംഭിക്കും. ഉച്ചയ്ക് നീണ്ടകര കടൽത്തീരം ശിവാ ഹോട്ടലിൽ വിശ്രമിച്ചശേഷം വൈകിട്ട് 3.30 ന് കരുനാഗപ്പള്ളിയിലേക്ക് പോകും. കാൽ നടയായി ചവറ നിയോജക മണ്ഡലത്തിൽ നിന്ന് 7500 ഓളം പ്രവർത്തകരെ പങ്കെടുപ്പിക്കും. കുന്നത്തൂർ, പത്തനാപുരം, കൊട്ടാരക്കര നിയോജക മണ്ഡലങ്ങളിൽ നിന്നായി 15000 ത്തിൽപ്പരം പ്രവർത്തകരും രാഹുൽ ഗാന്ധിയോടൊപ്പം അണിചേരും. രാമൻകുളങ്ങര മുതൽ കന്നേറ്റി വരെ നാഷ്ണൽ ഹൈവേയിൽ കൊടിതോരണങ്ങളും ഫ്ളക്സുകളും ബാനറുകളും ചുവരെഴുത്തുകളും രാഹുൽ ഗാന്ധിയുടെ കൂറ്റൻ കട്ടൗട്ടുകളും കൊണ്ട് നിറഞ്ഞു . രാഹുലിനെ വരവേൽക്കാൻ നീണ്ടകര പാലത്തിന് സമീപം മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, സി.കേശവൻ, കെ.കരുണാകരൻ, ആർ.ശങ്കർ തുടങ്ങിയ നേതാക്കളെ സ്മരിക്കുന്ന കമാനവും ഒരുക്കിയിട്ടുണ്ട്. നീണ്ടകര പാലത്തിന്റെ ഇരുവശങ്ങളിലും രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള കൊടികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന പ്രവർത്തകർക്ക് വഴിയോരങ്ങളിൽ കുടിക്കുവാൻ ശുദ്ധജലവും ലഘു ഭക്ഷണവും ഒരുക്കും. വരവേൽപ്പിന് മോടി കൂട്ടാൻ ഫ്യൂഷൻ ഗാനമേളയടക്കമുള്ള വിവിധ തരത്തിലുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണെന്ന് ജാഥാ ചവറ നിയോജക മണ്ഡലം കോഡിനേറ്റർ കോലത്ത് വേണുഗോപാലും, പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ സന്തോഷ് തുപ്പാശ്ശേരിയും അറിയിച്ചു.