കൊല്ലം: തട്ടാമലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. നാല് റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനിൽ മയ്യനാട് നിന്നും പാലത്തറയിൽ നിന്നും എത്തുന്ന വാഹനങ്ങൾ കൂടിച്ചേരുമ്പോൾ ഏറെനേരം ഗതാഗതം കുരുക്കിലാകും.

മയ്യനാട് നിന്നെത്തുന്ന വാഹനങ്ങൾക്ക് വലത്തേക്ക് തിരിഞ്ഞ് കൊട്ടിയത്തേക്ക് പോകാൻ ഏറെ ബുദ്ധിമുട്ടുകയാണ്. വാഹന ബാഹുല്യമുള്ള രാവിലെയും വൈകിട്ടും ഗതാഗതകുരുക്കിൽ പെട്ട് വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെടുന്നത്. നീണ്ട നിരയെ മറികടന്നെത്തുന്ന വാഹനങ്ങളുടെ എണ്ണവും ചെറുതല്ല, ഇതോടെ അപകട സാദ്ധ്യതയും ഏറുകയാണ്. തിരക്കേറിയ സമയങ്ങളിൽ തട്ടാമല ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കാൻ പോയിന്റ് ഡ്യൂട്ടിക്ക് ആളെ നിയോഗിക്കണമെന്ന ആവശ്യം അധികൃതർ കേട്ടില്ലെന്ന് നടിക്കുകയാണ്. കൊട്ടിയത്തേക്കും കൊല്ലത്തേക്കുമുള്ള യാത്രാ ബസുകൾ തോന്നുംപടി നിറുത്തുന്നതും ബസ് ബേ ഇല്ലാത്തതും ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്.

തട്ടാമല ജംഗ്‌ഷൻ

 ഗതാഗത നിയന്ത്രണത്തിന് യാതൊരു സംവിധാനവുമില്ല

 വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്

 തട്ടാമല ജംഗ്ഷന് പടിഞ്ഞാറുള്ള മാർക്കറ്റിന് സമീപവും പാർക്കിംഗ്

 റോഡ് മുറിച്ചുകടക്കാൻ കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട്

 അപകടങ്ങൾ നിത്യസംഭവം

 ട്രാഫിക് പൊലീസിന്റെ സേവനം അനിവാര്യം

തട്ടാമലയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് പൊലീസിനെ നിയോഗിക്കണം. ബസുകൾ ജംഗ്ഷനിൽ നിന്ന് മുന്നോട്ട് നിറുത്തി ആളിനെ ഇറക്കാനും കയറ്റാനും സംവിധാനം ഏർപ്പെടുത്തണം. ബി. സുശീലൻ, റിട്ട. ഡിവൈ.എസ്.പി വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ പൊലീസ് അടിയന്തരമായി ഇടപെടണം. ആർ.അയ്യപ്പൻ, തോട്ടത്തിൽ വാഹനപുക പരിശോധന കേന്ദ്രം, തട്ടാമല