 
കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിൽ തെരുവ് നായകളുടെ ശല്യം രൂക്ഷം. നൂറു കണക്കിന് നായകളാണ് പ്രദേശത്ത് ഭീഷണിയാകുന്നത്. അറവുമാലിന്യങ്ങൾ വഴിയോരങ്ങളിൽ തള്ളുന്നതാണ് തെരുവുനായകളുടെ വർദ്ധനവിന് കാരണമെന്ന് പരാതിയുണ്ട്. മറ്റ് പ്രദേശങ്ങളിൽ നിന്നുവരെ നായകൾ ഇവിടെ എത്തുന്നുണ്ട്. പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ നായകൾ കൂട്ടത്തോടെ നിൽക്കുന്നത് പതിവ് കാഴ്ചയാണ്. സ്കൂൾകുട്ടികളടക്കമുള്ള കാൽനടയാത്രക്കാർക്ക് ഭയത്തോടെയല്ലാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥ. ഇരുചക്രവാഹന യാത്രക്കാർക്കും തെരുവുനായ ഭീഷണിയാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ കുറുക്ക് ചാടിയും കുരച്ചുകൊണ്ട് പുറകെ ഓടിയും ഉണ്ടാകുന്ന അപകടങ്ങൾ ചില്ലറയല്ല.
മാലിന്യം തേടി തെരുവുനായകൾ
വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സമീപത്തും പച്ചിലമല വളവിലും പനമ്പറ്റ-കാര്യറ പാതയോരങ്ങളിലുമാണ് തെരുവ് നായകൾ കൂടുതലുള്ളത്. രാത്രിയിൽ കോഴിയുടെയും നാൽക്കാലികളുടെയും അറവുമാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലും ചാക്കിലുമാക്കി റോഡുവശങ്ങളിൽ കളയുന്നതാണ് പ്രധാന കാരണം. ഇത് തേടിയാണ് നായകൾ കൂട്ടത്തോടെ എത്തുന്നത്.
ഹോട്ടൽ -ബേക്കറി മാലിന്യങ്ങളും ഇവിടെ തള്ളുന്നുണ്ട്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് മാലിന്യം കൊണ്ടുവന്നുതള്ളാൻ ആളുകൾക്ക് ഏറെ ഉപകാരപ്പെടുന്നുണ്ട്.
വാക്സിൻ കിലോമീറ്ററുകൾക്ക് അപ്പുറം
നായ ആക്രമിച്ചാൽ വാക്സിൻ എടുക്കുന്നതിന് പത്ത് കിലോമീറ്ററോളം സഞ്ചരിച്ച് പുനലൂരിലോ കൊട്ടാരക്കരയിലോ ഉള്ള താലൂക്ക് ആശുപത്രിയിൽ എത്തണം.
വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി നടത്തുന്ന അറവുശാലകളിൽ നിന്നായിരിക്കാം മാലിന്യങ്ങൾ വഴിയിടങ്ങളിൽ തള്ളുന്നത്. പ്രശ്നമേഖലകളിൽ സി.സി.ടി.വി കാമറകളും തെരുവ് വിളക്കുകളും സ്ഥാപിച്ച് പൊലീസ് പട്രോളിംഗ് ശക്തമാക്കാൻ ആവശ്യപ്പെടും.
അദബിയ നാസറുദ്ദീൻ
വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്