elsa
എൽസയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിക്കുന്നു. കെ.പി.സി.സി മൈനോറിറ്റി ജില്ലാ ചെയർമാൻ നവാസ് റഷാദി സമീപം

കൊല്ലം: രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിടാനുള്ള ഭാഗ്യം സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾക്ക് പോലും ലഭിച്ചിട്ടില്ല. എന്നാൽ, ആ ഭാഗ്യം ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് കിട്ടി. ചാത്തന്നൂർ വിമല സെൻട്രൽ സ്കൂളിലെ ഹെഡ് ഗേളായ ആദിച്ചനല്ലൂർ സ്വദേശിനി എൽസ സാബുവിനാണ് സുരക്ഷാമാനദണ്ഡങ്ങളെല്ലാം മറികടന്നുള്ള ഭാഗ്യം ലഭിച്ചത്. സദസിൽ കസേര കിട്ടാതെ നിന്ന എൽസയെ രാഹുൽ ഗാന്ധി വേദിയിലേക്ക് ക്ഷണിച്ച് തനിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഒപ്പം ഇരുത്തുകയായിരുന്നു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്നലെ ചാത്തന്നൂർ എമ്പയർ ഓഡിറ്റോറിയത്തിൽ രാഹുൽഗാന്ധി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടയിലാണ് എൽസയെ തേടി ഭാഗ്യം വന്നത്. സംവാദ പരിപാടിയിൽ സ്വാഗതം പറയുകയായിരുന്നു എൽസ.

ആദ്യം സദസിലെ രണ്ടാം നിരയിലായിരുന്നു സീറ്റ്. പിന്നീട് സംഘാടകർ മുൻനിരയിൽ സീറ്റ് നൽകി. രണ്ട് മിനിറ്റിൽ കോരിത്തരിപ്പിക്കുന്ന സ്വാഗത പ്രസംഗം കഴിഞ്ഞ് എൽസ ഇറങ്ങി വന്നപ്പോൾ സദസിൽ നേരത്തേയിരുന്ന കസേര ഒരു നേതാവ് കൈയടക്കി. പരിഭവമില്ലാതെ എൽസ വശത്ത് ഒഴിഞ്ഞു നിന്നു. ഇതു കണ്ട രാഹുൽ എൽസയെ വേദിയിലേക്ക് ക്ഷണിച്ച് ഇരുത്തുകയായിരുന്നു.

രാഹുൽഗാന്ധിയോട് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള പട്ടികയിൽ എൽസ ഉണ്ടായിരുന്നില്ല. പക്ഷെ അതിന് രാഹുൽ ഗാന്ധി എൽസയ്ക്ക് പ്രത്യേക അവസരം നൽകി. സമ്മർദ്ദങ്ങൾ കാരണം വീടുകളിൽ സന്തോഷം ഇല്ലാതാകുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയതോടെ കോൺഗ്രസ് നേതാക്കളെല്ലാം എൽസയ്ക്ക് ചുറ്റുകൂടി ഫോട്ടോയെടുപ്പായി. യാക്കോബ സഭയിലെ വൈദികനായ സാബു സാമുവലിന്റെയും ഏലിയാമ്മയുടെയും മകളാണ് എൽസ.