കുടുംബശ്രീ ഒരു കോടി, കൃഷി ഭവൻ ചന്ത 63.5 ലക്ഷം
എഴുകോൺ : ജില്ലയിൽ കുടുംബശ്രീയും കൃഷി വകുപ്പും നടത്തിയ ഓണച്ചന്തകളിൽ കോടികളുടെ വിറ്റുവരവ്. കുടുംബശ്രീ സംരംഭകർ ഒരു കോടിയിൽ പരം രൂപയുടെയും കൃഷി ഭവന്റെയും വി.എഫ്.പി.സി.കെയുടെയും പച്ചക്കറിച്ചന്തകളിലൂടെ 63.5 ലക്ഷം രൂപയുടെയും ഉത്പ്പന്നങ്ങളാണ് വിറ്റഴിച്ചത്. 51 ലക്ഷത്തിൽ പരം രൂപയാണ് കൃഷി ഭവൻ ചന്തകളുടെ മാത്രം വരവ്.
കർഷകർക്ക് ഉയർന്ന വില നൽകി സംഭരിക്കുന്ന പച്ചക്കറികൾ ന്യായവിലയ്ക്കാണ് കൃഷി ഭവൻ ചന്തകളിലൂടെ വിറ്റഴിച്ചത്. 105 പച്ചക്കറി ചന്തകളാണ് കൃഷി ഭവനുകൾ വഴി ജില്ലയിൽ പ്രവർത്തിച്ചത്. 1918 കർഷകരിൽ നിന്നായി 129.28 മെട്രിക്ക് ടൺ ഉത്പ്പന്നങ്ങളാണ് വിൽപ്പനയ്ക്കായി സംഭരിച്ചത്. ഇക്കോ ഷോപ്പ്, എ ഗ്രേഡ് ക്ലസ്റ്ററുകൾ തുടങ്ങിയവ മുഖേനയും പച്ചക്കറി വിപണിയിലെത്തിച്ചിരുന്നു.
105 പച്ചക്കറി ചന്തകൾ
1918 കർഷകർ
129.28 മെട്രിക്ക് ടൺ ഉത്പ്പന്നങ്ങൾ
വിൽപ്പനയിൽ ഒന്നാമൻ പുനലൂർ ബ്ലോക്ക്
7 ലക്ഷത്തിൽ പരം രൂപ വരുമാനമുണ്ടാക്കിയ പുനലൂർ ബ്ലോക്കാണ് വിൽപ്പനയിൽ ജില്ലയിൽ ഒന്നാമതെത്തിയത്. ആറര ലക്ഷത്തോളം രൂപയുടെ ഉത്പ്പന്നങ്ങൾ വിറ്റ അഞ്ചൽ ബ്ലോക്കാണ് രണ്ടാമത്. കൊട്ടാരക്കര , ചടയമംഗലം, ഇരവിപുരം ബ്ലോക്കുകളും മികച്ച പ്രകടനമാണ് നടത്തിയത്.
വി.എഫ്.പി.സി.കെ യുടെ ചന്തകളിലൂടെ പന്ത്രണ്ടര ലക്ഷത്തിലധികം രൂപയുടെ പച്ചക്കറികൾ വിറ്റിട്ടുണ്ട്. 16 വിൽപ്പന കേന്ദ്രങ്ങളാണ് അവർക്കുണ്ടായിരുന്നത്.
കുളത്തൂപ്പുഴ സി.ഡി.എസ് ഒന്നാമത്
വിവിധ ഓണച്ചന്തകളിലെ കുടുംബശ്രീ സംരംഭക സ്റ്റാളുകളിലൂടെയാണ് ഒരു കോടിയിൽ പരം രൂപയുടെ വിറ്റു വരവ് നടന്നത്. ഓണം മേളയുടെ ഭാഗമായി പച്ചക്കറി ചന്തകളും ഫുഡ് കോർട്ടുകളും കുടുംബശ്രീ നടത്തിയിരുന്നു. കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്ത് സി.ഡി.എസാണ് ഏറ്റവും കൂടുതൽ ഉത്പ്പന്നങ്ങൾ വിറ്റഴിച്ചത്. 3,52, 015 രൂപയാണ് ഇവരുടെ വിറ്റുവരവ്. 3,49, 905 രൂപയുടെ ഉത്പ്പന്നങ്ങൾ വിറ്റഴിച്ച് ചടയമംഗലം സി.ഡി.എസും 3, 46,590 രൂപയുമായി ഇട്ടിവയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.