എഴുകോൺ : കൊട്ടാരക്കര ബ്ലോക്കിൽ കൃഷി ഭവന്റെ ഓണച്ചന്തകളിലൂടെ ഏറ്റവും കൂടുതൽ പച്ചക്കറി വിറ്റഴിച്ചത് എഴുകോൺ കൃഷി ഭവൻ. 1,56,091 രൂപയുടെ പച്ചക്കറികളാണ് എഴുകോണിൽ വിറ്റത്. എഴുകോണിലും, ചീരങ്കാവിലുമായി രണ്ട് ചന്തകളാണുണ്ടായിരുന്നത്.
94347 രൂപയുടെ പച്ചക്കറികൾ വിറ്റഴിച്ച കരീപ്ര കൃഷിഭവന്റെ ഓണച്ചന്തയാണ് രണ്ടാമത്. നെടുവത്തൂരാണ് തൊട്ടു പിന്നിൽ. കുടുംബശ്രീയുടെ ഓണം വിപണന മേളയിലൂടെ കൊട്ടാരക്കര ബ്ലോക്കിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത് കരീപ്ര പഞ്ചായത്ത് സി.ഡി.എസാണ്. 2,07,120 രൂപയുടെ ഉത്പ്പന്നങ്ങളാണ് ഓണച്ചന്തയിലൂടെ വിറ്റഴിച്ചത്.
എസ്. മിനിമോൾ ചെയർപേഴ്സണും ടി.സൂര്യകലാഭായി വൈസ് ചെയർപേഴ്സണുമായിട്ടുള്ളതാണ് കരീപ്രയിലെ കുടുംബശ്രീ സി.ഡി.എസ്. 1,52,029 രൂപയുടെ ഉത്പ്പന്നങ്ങൾ വിറ്റ എഴുകോൺ കുടുംബശ്രീ സി.ഡി.എസാണ് രണ്ടാമത്. 1,44,100 രൂപയുടെ വിൽപ്പനയുമായി വെളിയം സി.ഡി.എസ് തൊട്ടു പിന്നിലുണ്ട്. ഗ്രാമപ്പഞ്ചായത്തുകളുടെ സഹായത്തോടെയാണ് കുടുംബശ്രീ സി.ഡി.എസുകൾ ഓണം വിപണന മേളകൾ നടത്തിയത്.