 
കൊല്ലം: സാരേ ജഹാസേ അച്ഛാ പാടി സേവാദൾ പ്രവർത്തകർ, പിന്നെ പഞ്ചവാദ്യം, ചെണ്ടമേളം, ബാൻഡ്മേളം, പിന്നിൽ രാജകുമാരനെപ്പോലെ, സ്പോർട്സ്മാൻ സ്പിരിറ്റോടെ രാഹുൽഗാന്ധി. രാഹുലിന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി പിന്നിലും പാതവക്കുകളിലും ആയിരങ്ങൾ. വഴിവക്കുകളിൽ നാടൻപാട്ടും നൃത്തരൂപങ്ങളും ആടിത്തിമിർക്കുന്നു. ഇടമുറിയാതെ പതിനായിരങ്ങളാണ് റോഡിന്റെ വശങ്ങളിൽ രാഹുലിനെ കാത്തുനിന്നത്. ഇത് കൊല്ലത്തിന് പുതിയ ആനുഭവം. ജില്ലയിൽ ആദ്യ ദിനം തന്നെ പുതിയ തരംഗം തീർത്തിരിക്കുകയാണ് ഭാരത് ജോഡോ യാത്ര.
ത്രിവർണപ്പുഴ പോലെ...
ത്രിവർണപ്പുഴ പോലെയാണ് ഭാരത് ജോഡോ യാത്ര ദേശീയപാതയിലൂടെ രാവിലെ നടന്നുനീങ്ങിയത്. പ്രവർത്തകരെ തീരെ അക്ഷമരക്കാതെ രാവിലെ എട്ട് മണിക്ക് രാഹുൽ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം കടന്ന് മുക്കടയിലെത്തി. അനൗൺസ്മെന്റ് അകലെ നിന്ന് കേട്ടപ്പോൾ തന്നെ പഞ്ചവാദ്യവും ചെണ്ടമേളവും കൂടുതൽ മുറുകി. മോഹിനിയാട്ടക്കാർ ചുവടുകൾ വച്ചുതുടങ്ങി. നൂറുകണക്കിന് പേർ റോഡ് വക്കിലെ കെട്ടിടങ്ങൾക്ക് മുകളിൽ കയറി കണ്ണനട്ടിരുന്നു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ കാത്തുനിൽക്കുകയായിരുന്നു. രാജേന്ദ്രപ്രസാദ് അണിയിച്ച ഹാരം ഏറ്റുവാങ്ങി ഒരുനിമിഷം വൈകാതിക്കാതെ രാഹുൽ കൊല്ലത്തിന്റെ ആത്മാവിലേക്കുള്ള യാത്ര തുടങ്ങി.
വൈകുന്നേരം ജനസാഗരം
രാവിലെ മുക്കടയിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രവർത്തകർ മാത്രമാണ് ജോഡോ യാത്രയ്ക്കൊപ്പം അണിനിരന്നത്. വൈകിട്ട് ചാത്തന്നൂരിൽ നിന്നും പര്യടനം പുനരാരംഭിച്ചപ്പോൾ പുനലൂർ, ചടയമംഗലം, ഇരവിപുരം മണ്ഡലങ്ങളിൽ നിന്നുള്ള പതിനായിരങ്ങൾ അണിചേർന്നതോടെ ഭാരത് ജോഡോയാത്ര സാഗരമായി.
കെ.സി. രാജൻ, എം.എം. നസീർ, എ. ഷാനവാസ് ഖാൻ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, കെ. ബേബിസൺ, എസ്. വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, പി. ജർമിയാസ്, സൂരജ് രവി, നെടുങ്ങോലം രഘു, അൻസർ അസീസ്, എൻ. ഉണ്ണിക്കൃഷ്ണൻ, അഡ്വ. സവിൻ സത്യൻ, കല്ലട ഗിരീഷ്, എം. നാസറുദ്ദീൻ, അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ്, ഇരവിപുരം സജീവൻ, അഡ്വ. എസ്. ഷേണാജി തുടങ്ങിയവർ അനുഗമിച്ചു.
കടലായി പള്ളിമുക്ക് ആർത്തുവിളിച്ചു, രാഹുൽ ജീ...
ഭാരത് ജോഡോ യാത്രയുടെ അദ്യദിവസത്തെ സമാപനകേന്ദ്രമായ പള്ളിമുക്കിലേക്ക് വൈകിട്ട് അഞ്ച് മുതൽ തന്നെ ജനങ്ങൾ എത്തിക്കൊണ്ടിരുന്നു. വൈകിട്ടായപ്പോൾ പള്ളിമുക്ക് ത്രിവർണ പതാകകളേന്തിയ കോൺഗ്രസ് പ്രവർത്തകരേയും അനുഭാവികളെയും കൊണ്ട് നിറഞ്ഞു. രാഹുൽഗാന്ധിയെ പള്ളിമുക്കിലേക്ക് എത്തിക്കാൻ പൊലീസിനും നേതാക്കൾക്കും ഏറെ പ്രയാസപ്പെടേണ്ടി വന്നു. ജോഡോയാത്ര കൂടി എത്തിയതോടെ പള്ളിമുക്ക് ഇതുവരെ ദർശിച്ചിട്ടില്ലാത്ത കോൺഗ്രസ് പ്രവർത്തകരുടെ കടലായി പള്ളിമുക്ക് മാറുകയായിരുന്നു.