vaadam
വിളക്കുടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സജി ജോണിൻ്റെ നേതൃത്വത്തിലുള്ള സംഘം കോലിഞ്ചിമല വിഷയത്തിൽ വാർഡംഗം റെജീനാ തോമസിൻ്റെ വാദം കേൾക്കുന്നു

കുന്നിക്കോട് : കോലിഞ്ചിമലയിലെ പാറക്വാറി ഖനനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുടെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വാദം കേട്ടു. വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെ സെക്രട്ടറിയുടെ മുറിയിൽ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് വാദം തുടങ്ങിയത്. ആദ്യം പാറക്വാറിയുടമ ബി.സുന്ദരത്തിന്റെ വാദവും തുടർന്ന് വാർഡംഗം റെജീന തോമസ്, കോലിഞ്ചിമല സംരക്ഷണ സമിതി പ്രസിഡന്റ് ടി.ഗോപാലകൃഷ്ണൻ, സെക്രട്ടറി വിഷ്ണു ജി.നാഥ്, ഖജാൻജി ടി.ജെ.ജേക്കബ്, പ്രദേശവാസികളായ ടി.ജെ.ദേവസ്യ, എസ്.പൗലോസ് എന്നിവരുടെ വാദവും നടന്നു. പാറഖനനവുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ള പാരിസ്ഥിതിക പ്രശ്നങ്ങളാണ് പ്രധാനമായും സംരക്ഷണസമിതിയംഗങ്ങൾ ഉന്നയിച്ചത്. അതേസമയം ജിയോളജി വകുപ്പിൽ നിന്ന് പാറഖനനം ചെയ്ത് കൊണ്ടു പോകുന്നതിന് ലഭിച്ച അനുമതി പത്രമുൾപ്പടെയുള്ള രേഖകളാണ് ക്വാറിയുടമ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ ഹാജരാക്കിയത്. നിലവിൽ കോടതി ഉത്തരവ് പ്രകാരം പാറക്വാറിയുടെ പ്രവർത്തനം നിറുത്തി വെച്ചിരിക്കുകയാണ്. വാദം വിശദമായി പഠിച്ച്, നിയമോപദേശം തേടിയതിന് ശേഷം മാത്രമേ തീരുമാനം കൈകൊള്ളുകയുള്ളൂ എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജി ജോൺ പറഞ്ഞു. സെക്രട്ടറിയെ കൂടാതെ അസി.സെക്രട്ടറി ശശികുമാർ, ക്ലർക്കുമാരായ രാജേഷ്, ഹരി എന്നിവരടങ്ങുന്ന നാലംഗംസംഘമാണ് വാദം കേട്ടത്.