eravi
ഇരവിപുരം ജംഗ്‌ഷൻ

കൊല്ലം: പ്രതിദിനം നൂറോളം ട്രിപ്പുകളുമായി സ്വകാര്യബസുകൾ, അത്രത്തോളം യാത്രക്കാർ, രണ്ടു ക്രൈസ്തവ ദേവാലയങ്ങൾ, സ്‌കൂളുകൾ, ക്ഷേത്രങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, മൂന്നോളം പ്ലേ സ്‌കൂളുകൾ ഇവയെല്ലാമുണ്ടെങ്കിലും അടിസ്ഥാന സൗകര്യവികസനമില്ലാതെ വീർപ്പുമുട്ടുകയാണ് ഇരവിപുരം ജംഗ്‌ഷൻ. ദിവസേന നൂറോളം കുട്ടികൾ വിദ്യാലയങ്ങളിൽ പോകുന്നതിനും സ്വകാര്യ, സർക്കാർ മേഖലയിലെ ജീവനക്കാർ യാത്രചെയ്യുന്നതിനും ആശ്രയിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഇരവിപുരം ജംഗ്‌ഷൻ. എന്നാൽ മഴയും വെയിലുമേൽക്കാതെ കയറി നിൽക്കാൻ പേരിനുപോലുമൊരിടമില്ല. നിരവധി സ്വകാര്യ ബസുകളുടെ ട്രിപ്പുകൾ ആരംഭിക്കുന്നയിടമായതിനാൽ ബസ് സ്റ്റാൻഡ് എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇരവിപുരം ജംഗ്‌ഷന് സമീപത്ത് തന്നെ കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള സ്ഥലം ഇതിനായി ഉപയോഗിക്കാൻ കഴിയുമെങ്കിലും അതിനായി കാര്യമായ ശ്രമമൊന്നും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കൊല്ലത്തെ മഹാനഗരമാക്കുമെന്നാണ് കോർപ്പറേഷൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. അത്തരം കാര്യങ്ങളോട് ആർക്കും എതിർപ്പില്ലെങ്കിലും കോർപ്പറേഷൻ മേഖലയിലുള്ള പ്രധാന ജംഗ്‌ഷനുകളിലൊന്നായ ഇരവിപുരത്ത് ബസ് സ്റ്റാൻഡ് അടക്കമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി അടിയന്തര ശ്രദ്ധയുണ്ടാകണമെന്നാണ് നാട്ടുകാരുടെ അവശ്യം.

# ഇരവിപുരം ജംഗ്‌ഷനെ ആശ്രയിക്കുന്ന പ്രദേശങ്ങൾ

താന്നി, കാക്കത്തോപ്പ്, പുത്തൻനട, കുന്നത്തുകാവ്, തിരുമുക്ക്, വാളത്തുംഗൽ

'' കോർപ്പറേഷൻ കൗൺസിലർ എന്ന നിലയിൽ ബസ് സ്റ്റാൻഡ് എന്ന ആവശ്യത്തിനായി ശക്തമായി ഇടപെടുന്നുണ്ട്. എം. നൗഷാദ് എം.എൽ.എയോടും ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര ഇടപെടലുണ്ടാകുകയും ആവശ്യമായവ നടപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്""

ടി.പി. അഭിമന്യു, തെക്കേവിള ഡിവിഷൻ കൗൺസിലർ