cpm
സി.പി.എം. പ്രതിഷേധ ധർണ

കുന്നിക്കോട് :കോലിഞ്ചിമലയിലെ വിവാദ പാറക്വാറിയ്ക്ക് ലൈസൻസ് നൽകാൻ വിളക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒത്തുകളിക്കുന്നതായി സി.പി.എമ്മും സി.പി.ഐയും ആരോപിച്ചു. ഇന്നലെ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ പാറക്വാറിയുടെ വിഷയത്തിൽ വാദം കേൾക്കുന്നതിനിടെയാണ് ഇരു മുന്നണികളുടെയും നേതൃത്വത്തിൽ കാര്യാലയത്തിന്റെ മുമ്പിൽ സെക്രട്ടറിക്കെതിരെ പ്രതിഷേധിച്ചത്.

നിലവിൽ ലൈസൻസ് ഇല്ലാത്തതിനെ തുടർന്ന് പാറക്വാറിയുടെ പ്രവർത്തനം നിറുത്തിവെച്ചിരിക്കുകയാണ്. നിലവിലുള്ള ലൈസൻസ് റദ്ദ് ചെയ്തതിനാൽ പുതിയ ലൈസൻസ് എടുത്തെങ്കിൽ മാത്രമേ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയൂ. ഇത് ലഭ്യമാക്കാർ സെക്രട്ടറി സജി ജോണും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വഴിവിട്ട് സഹായിക്കുന്നതായിട്ടാണ് ആരോപണം.

സി.പി.എം വിളക്കുടി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ഏരിയാ കമ്മിറ്റിയംഗം എം.റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ജെ.റിയാസ് അദ്ധ്യക്ഷനായി. എ.വഹാബ്, എച്ച്.റഷീദ്കുട്ടി, അൻവർ, അഖിൽ, രാജു, സലീം, നിധിൻ, സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ വിളക്കുടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കുന്നിക്കോട് മണ്ഡലം കമ്മിറ്റിയംഗവുമായ അജിതാ സുരേഷ് ധർണ ഉദ്ഘാടനം ചെയ്തു. സുനി സുരേഷ്, എം.എസ്.ഗിരീഷ്, വൈ. നാസർ, സാദിഖ്, ജി.കെ.മുരുകൻ, സുരേഷ് ബാബു, നിഷാദ്, മിഖായേൽ, നെബീൽ, അബ്ദുൾ സലാം തുടങ്ങിയവർ പങ്കെടുത്തു.