kaithari-
ഇടക്കുളങ്ങര കൈത്തറി സംഘത്തിൽ സമർത്ഥ് പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കേന്ദ്ര ടെക്സ്റ്റൈൽ വകുപ്പിന്റെ സഹായത്തോടെ കൈത്തറി തൊഴിലാളികളുടെ നൈപുണ്യവികസന പരിശീലന പരിപാടിയായ സമർത്ഥ് കരുനാഗപ്പള്ളി താലൂക്ക് കൈത്തറി വ്യവസായ സഹകരണ സംഘത്തിൽ തുടക്കമായി. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.വിജയകുമാർ അദ്ധ്യക്ഷനായി. തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ കാരിക്കൽ, ഗ്രാമപഞ്ചായത്ത് അംഗം ടി.സുജാത, ബി. സജീവൻ, കവി മണിരാജ് എന്നിവർ സംസാരിച്ചു.

ഡെപ്യൂട്ടി ഡയറക്ടർ എസ്.ടി.സുബ്രഹ്മണ്യൻ പരിശീലന പരിപാടി വിശദീകരിച്ചു. ബോർഡ് മെമ്പറും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ടി.രാജീവ് സ്വാഗതവും സെക്രട്ടറി വി.ബിനി നന്ദിയും പറഞ്ഞു. ഓണം മേളയിൽ ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ വാങ്ങിയ ജീവകുമാർ , വത്സകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സംഘത്തിൽ നെയ്തെടുക്കുന്ന തുണിത്തരങ്ങൾ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിച്ച് കൈത്തറി വ്യവസായത്തെ ലാഭകരമാക്കുക എന്നതാണ് സമർത്ഥ് എന്ന പേരിൽ 45 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി ഉദ്ദേശിക്കുന്നത്. കണ്ണൂർ വീവേഴ്സ് സർവീസ് സെന്റർ ആണ് കഴിവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 30 തൊഴിലാളികൾക്ക് പരിശീലനം നൽകുന്നത്.