 
ഏരൂർ: അയിലറ ഗവ.എൽ.പി.എസിന്റെ മതിൽ തകർന്നിട്ട് രണ്ട് വർഷമായിട്ടും അധികൃതർ അനാസ്ഥ തുടരുന്നു. മതിൽ തകർന്ന ഭാഗത്ത് 20 അടിയോളം താഴ്ചയുണ്ട്. ഈ ഭാഗത്ത് കയർ വലിച്ചുകെട്ടിയത് മാത്രമാണ് ഏക പരിഹാരം. 10 വയസിൽ താഴെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികൾ അപകടത്തിൽപ്പെടുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും.
അപകടമുണ്ട് കൺമുന്നിൽ
2020 സെപ്തംബറിലാണ് സ്‌കൂൾ മുറ്റത്ത് നിന്ന കൂറ്റൻ വാകമരം കടപുഴകിയത്. മരം വീണതിനെ ത്തുടർന്ന് മതിലിന്റെ നല്ലൊരു ഭാഗം തകർന്നിരുന്നു. ഇന്റർലോക്ക് കല്ലുകൾ പാകിയിരിക്കുന്നതിനാൽ മഴപെയ്താൽ അടിവശത്തുനിന്ന് മണ്ണൊഴുകിപോകുന്നത് തിരിച്ചറിയാൻ കഴിയില്ല. ഇത് കുട്ടികൾക്ക് അപകടമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കുഞ്ഞുങ്ങൾ പഠിയ്ക്കുന്ന സ്‌കൂളാണെന്ന് അറിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടാകാത്തതിൽ രക്ഷിതാക്കളും പ്രദേശവാസികളും പ്രതിഷേധത്തിലാണ്. ഭീതിയോടെ മാത്രം കുട്ടികളെ സ്‌കൂളിലേക്ക് അയയ്‌ക്കേണ്ട ഗതികേടിലാണ് രക്ഷിതാക്കൾ.
''കൊച്ചുകുഞ്ഞുങ്ങൾ പഠിയ്ക്കുന്ന സ്‌കൂളാണ്. എത്രയും വേഗം സംരക്ഷണ ഭിത്തി കെട്ടി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി അധികൃതരുടെ ശ്രദ്ധയും നടപടിയുമുണ്ടാകണം."'
പി.സുരേഷ്, സ്‌കൂൾ വികസന സമിതി അംഗം.