 
കൊല്ലം: ഭാരത് ജോഡോ യാത്രാംഗങ്ങൾ ഉച്ചഭക്ഷണം കഴിക്കുന്ന ഹാളിലേക്ക് പെട്ടെന്ന് രാഹുൽ ഗാന്ധി കയറിവന്നു. അതുകണ്ട് എഴുന്നേറ്റ നേതാക്കളോട് കഴിച്ചോളൂ എന്നുപറഞ്ഞ് രാഹുലും അവർക്കൊപ്പം കഴിക്കാനിരുന്നു. റൊട്ടിയും വെജിറ്റബിൾ കറിയുമായിരുന്നു ഉച്ചഭക്ഷണം. അതിനിടെ ഒപ്പമിരുന്ന നേതാക്കളോട് കുശലാന്വേഷണം. ഭാരത് ജോഡോ യാത്രയുടെ ആദ്യ വിശ്രമദിനമായ ഇന്നലെ താമസസൗകര്യമൊരുക്കിയ കൊല്ലം പള്ളിമുക്ക് യൂനുസ് കോളേജിൽ തന്നെയായിരുന്നു രാഹുൽഗാന്ധി.
കോളേജ് വളപ്പിൽ പാർക്ക് ചെയ്തിരുന്ന കണ്ടെയ്‌നറിലായിരുന്നു വിശ്രമം. രാവിലെ എട്ടരയോടെ പുറത്തിറങ്ങി. രാവിലെ തന്നെ രാഹുലിനെ കാണാൻ കോളേജ് പരിസരത്തടക്കം നിരവധിപേർ എത്തിയിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം രാഹുൽ ബീഹാറിൽ നിന്നുള്ള യാത്രാംഗങ്ങൾക്കൊപ്പം ഏറെനേരം സംസാരിച്ചിരുന്നു. അടുത്തെത്തിയ പ്രവർത്തകർക്കൊപ്പം ഫോട്ടോയെടുത്തു. പിന്നീട് അല്പനേരം വിശ്രമം. വൈകിട്ട് നാലിന് ചായകുടിച്ചശേഷം കാമ്പസ് വളപ്പിലെ പൂക്കളുടെ ഭംഗി ആസ്വദിച്ച് അവിടെയാകെ ചുറ്റിനടന്നു.
യാത്ര ഇന്നു രാവിലെ 7.30ന് പോളയത്തോട് ജംഗ്ഷനിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പുനരാരംഭിക്കും. 11ന് ആദ്യപാദം നീണ്ടകരയിൽ അവസാനിക്കും. തുടർന്ന് കശുഅണ്ടി തൊഴിലാളികൾ, വ്യവസായികൾ, കരിമണൽത്തൊഴിലാളികൾ, ആർ.എസ്.പി നേതാക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
വൈകിട്ട് 3.30ന് ചവറയിൽ നിന്ന് യാത്ര പുനരാരംഭിച്ച് രാത്രി 7ന് കരുനാഗപ്പള്ളിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. നാളെ രാവിലെ 6.30ന് കരുനാഗപ്പള്ളിയിൽ നിന്നും ആരംഭിച്ച് ഓച്ചിറ വഴി ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും.