 
കൊല്ലം: പടി കയറാൻ കഴിയാത്തതിനാൽ സങ്കടപ്പെട്ട് നിന്ന മുൻ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന സി.വി. പത്മരാജന്റെ അരികിലേയ്ക്ക് ഓടിയെത്തി രാഹുൽ ഗാന്ധി.
ഭാരത് ജോഡോ യാത്രയ്ക്കിടയിൽ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളെ കാണാൻ രാഹുൽഗാന്ധി തീരുമാനിച്ചിരുന്നു. അങ്ങനെ യാത്രയുടെ ജില്ലയിലെ ആദ്യദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് ചാത്തന്നൂർ എമ്പയർ ഓഡിറ്റോറിയത്തിൽ വച്ച് സി.വി. പത്മരാജനുമായി കൂടിക്കാഴ്ച നിശ്ചയിച്ചു.
പറഞ്ഞ് ഉറപ്പിച്ച പോലെ ഉച്ചയ്ക്ക് രണ്ടിന് തന്നെ പത്മരാജൻ എത്തി. എന്നാൽ, രാഹുൽ ഗാന്ധി ഓഡിറ്റോറിയത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു. പ്രായത്തിന്റെ അവശതകൾ കാരണം പത്മരാജന് മുകളിലേക്ക് കയറാൻ കഴിയുമായിരുന്നില്ല. ഇതറിഞ്ഞ രാഹുൽ ഗാന്ധി നിമിഷങ്ങൾക്കകം താഴേക്ക് ഇറങ്ങിവരുകയായിരുന്നു. പിന്നെ ഇരുവരും മാത്രമായി അടുത്തടുത്ത കസേരകളിലിരുന്ന് സംഭാഷണം ആരംഭിച്ചു.
ഭാരത് ജോഡോ യാത്ര യുവാക്കൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ടെന്നും അത് നിലനിർത്തണമെന്നും പത്മരാജൻ പറഞ്ഞു. കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും പാർട്ടിക്കുള്ളിലും ജനാധിപത്യവേദികളും അർഹമായ പ്രാതിനിദ്ധ്യം ഉറപ്പാക്കണം. പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. വലിയൊരു വിഭാഗം പിന്നാക്കക്കാർ നിലവിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം തലകുലുക്കി കേട്ട രാഹുൽ, കാര്യങ്ങൾ മനസിലായെന്ന് അറിയിച്ച ശേഷം പത്മരാജൻ സാറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് കൂടിക്കാഴ്ച അവസാനിപ്പിക്കുകയായിരുന്നു.