
കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കുശേഷം രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ അടുത്ത യാത്ര ഗുജറാത്തിൽ നിന്ന് ആരംഭിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. 2023ൽ ഗുജറാത്തിലെ പോർബന്തറിൽ നിന്നാകും കിഴക്ക്- പടിഞ്ഞാറ് യാത്ര ആരംഭിക്കുക.
ഭാരത് ജോഡോ യാത്രയ്ക്കായി അഞ്ച് റൂട്ടുകൾ ആലോചിച്ചിരുന്നു. അതിലൊന്നിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഗംഗയിലേക്ക് പോഷക നദികൾ ഒഴുകുന്നതു പോലെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യാത്രകൾ സംഘടിപ്പിക്കും. ഓരോ ദിവസവും പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഭാരത് ജോഡോ യാത്രയെ തകർക്കാൻ നടത്തുന്ന ശ്രമം വിലപ്പോവില്ല.
കോൺഗ്രസിനെ തകർക്കുകയും കേരളത്തിൽ ബി.ജെ.പിയെ വളർത്തുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം പ്രവർത്തിക്കുന്നത്. മുഖ്യമന്ത്റി പിണറായി വിജയൻ മുണ്ടുടുത്ത മോദിയാണ്. ദേശീയതലത്തിൽ സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ കൂട്ടായ്മയിലൂടെ ബി.ജെ.പിക്ക് എതിരായുള്ള പ്രവർത്തനം ശക്തമാകുന്നതിനിടെയാണ് കേരളത്തിൽ കടക വിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നത്.
അഴിമതി ആരോപിക്കപ്പെട്ടയാൾ തങ്ങൾക്കൊപ്പമെത്തിയാൽ വിശുദ്ധനായി മാറുന്ന മാന്ത്രിക വാഷിംഗ് മെഷീനാണ് ബി.ജെ.പി. ഒരിക്കലും കോൺഗ്രസ് ബി.ജെ.പിയുമായി സമവായത്തിലെത്തില്ല. ഗോവ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിൽ കോൺഗ്രസിന് തെറ്റുപറ്റിയതായും അദ്ദേഹം പറഞ്ഞു.