photo
ശ്രീധരീയം കൺവൻഷൻ സെന്റർ

കരുനാഗപ്പള്ളി: ഭാരത് ജോഡോ യാത്ര ഇന്ന് വൈകിട്ട് കരുനാഗപ്പള്ളിയിൽ സമാപിക്കും. രാഹുൽഗാന്ധി ഉറങ്ങാനായി ശ്രീധരീയം കൺവെൻഷൻ സെന്ററാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്നലെ മുതൽ കൺവെൻഷൻ സെന്റർ പൊലീസിന്റെ നിയന്ത്രണത്തിലാണ്. ഇന്ന് രാത്രി 8 മണി മുതൽ നാളെ രാവിലെ 7 മണി വരെയാണ് രാഹുൽഗാന്ധി കരുനാഗപ്പള്ളിയിലുള്ളത്. നാളെ രാവിലെ 7 മുതൽ കോൺഗ്രസ് ഭവന്റെ മുന്നിൽ നിന്ന് യാത്ര ആരംഭിക്കും. അതുവരെ കരുനാഗപ്പള്ളി ടൗണും പരിസരവും പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും.

സുരക്ഷാവലയത്തിൽ കൺവെൻഷൻ സെന്റർ

ദക്ഷിണ കേരളത്തിലെ ഏറ്റവും വലുതും എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഉള്ളതാണ് ശ്രീധരീയം കൺവെൻഷൻ സെന്റർ. സെന്ററിന്റെ ഉൾഭാഗത്തെ നിയന്ത്രണം സെൻട്രൽ റിസർവ് പൊലീസിനാണ്. ഗേറ്റ് മുതലുള്ള സുരക്ഷ ചുമതല ലോക്കൽ പൊലീസിനും. എ.സി.പി വി.എസ്.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ 2 സി.ഐമാർക്കും, 10 എസ്.ഐമാർക്കും 50 ഓളം വരുന്ന പൊലീസുകാർക്കുമാണ് സുരക്ഷാ ചുമതല. സുരക്ഷയുടെ ഭാഗമായി പൊലീസിന്റെ രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം ഊർജ്ജിതമാക്കി. കരുനാഗപ്പള്ളി റെയിൽവേ സേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് , ടൗണിലെയും ഉൾപ്രദേശങ്ങളിലെയും ലോഡ്ജുകൾ എന്നിവിടങ്ങളെല്ലാം പരിശോധന നടന്നു. കോൺഗ്രസിന്റെ ഉയർന്ന നേതാക്കളും ശ്രീധരീയം കൺവെൻഷൻ സെന്റർ കഴിഞ്ഞ ദിവസം സന്ദർശിച്ചു. യാത്ര കടന്ന് വരുന്ന ഭാഗങ്ങളിൽ ദേശീയപാതയിലേക്ക് കടക്കുന്ന പോക്കറ്റ് റോഡുകൾ പൂർണമായും പൊലീസ് ബ്ലോക്ക് ചെയ്യും. കായംകുളം, വവ്വാക്കാവ്, പുതിയകാവ്, ചവറ കെ.എം.എം.എൽ, ദളവാപുരം എന്നിവിടങ്ങളിൽ വെച്ച് വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതിനുള്ള നടപടികളും പൂർത്തിയായതായി പൊലീസ് അധികൃതർ അറിയിച്ചു.