app
പൂതക്കുളം പഞ്ചായത്തിലെ ഹരിത മിത്രം മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.സുരേഷ് കുമാർ നിർവഹിക്കുന്നു

പരവൂർ : പൂതക്കുളം ഗ്രാമപഞ്ചായത്തിലെ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അവലോകനം നടത്താനും മൊബൈൽ ആപ് സംവിധാനം. കെൽട്രോണിന്റെ ആഭിമുഖ്യത്തിൽ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവ മുഖേന ആവിഷ്ക്കരിച്ചിട്ടുള്ള മൊബൈൽ ആപ്ലിക്കേഷനായ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിട്ടറിംഗ് ആപ്പാണ് ഇതിനായി പഞ്ചായത്തിൽ നടപ്പാക്കുന്നത്. പരിശീലനം ലഭിച്ച ഹരിത കർമ്മസേന പ്രവർത്തകർ ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷൻ വഴി വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരിക്കുകയും അതുവഴി വാർഡുതല പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്യും.

ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷന്റെ പൂതക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി.സുരേഷ് കുമാർ നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലൈലാ ജോയി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജീജ സന്തോഷ് സ്വാഗതവും വാർഡ് അംഗങ്ങളായ പ്രകാശ്, പി.സജീഷ്, പ്രസന്ന കുമാരി, സീന, രമ്യ, മഞ്ജുഷ, നവകേരള കർമ്മ പദ്ധതി റിസോർസ് പേഴ്സൺ എസ്.ഷീല, കെൽട്രോൺ ഡി.പി.സി. മഹേഷ് മധു, പദ്ധതി അസി. ഷിബിൻ, പഞ്ചയാത്ത് സൂപ്രണ്ട് രാധമ്മ എന്നിവ പങ്കെടുത്തു.