 
ഓച്ചിറ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ രാവിലെ ഓച്ചിറയിൽ എത്തും. 17ന് രാവിലെ 7 ന് കരുനാഗപ്പള്ളിയിൽ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് 8.30 ന് ജില്ലാ അതിർത്തിയായ ഓച്ചിറയിൽ വെച്ച് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും. രാഹുൽ ഗാന്ധിയും ഒപ്പം യാത്ര ചെയ്യുന്ന 120 പേരും 60 കാരവൻ കണ്ടെയിനറുകളിലാണ് താമസം. ബാക്കി വരുന്ന 240 പേരെ ഓച്ചിറ ഓംങ്കാര സത്രത്തിലും സമീപ പ്രദേശത്തെ ലോഡ്ജുകളിലും താമസിപ്പിക്കും.
വരവേൽക്കാനൊരുങ്ങി ഓച്ചിറ
ഓച്ചിറയിൽ രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 19 ബൂത്ത് സമ്മേളനങ്ങളും
ഭവന സന്ദർശനങ്ങളും പൂർത്തിയായി. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രയെ സ്വാഗതം ചെയ്യുന്ന പ്രചരണ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റൻ പ്രചരണ ബോർഡുകൾ വവ്വാക്കാവ് മുതൽ ഓച്ചിറ വരെ നാഷണൽ ഹൈവേയുടെ ഇരു വശങ്ങളിലും സ്ഥാപിച്ചു. സ്വാഗത സംഘം ഓഫീസ് തുറന്നു. കലാ പരിപാടികളും കലാ ജാഥയും എല്ലാ പ്രദേശത്തും വിളംബര ജാഥകളും നടത്തി. ഓണത്തിന് വീടുകളിൽ കരോൾ പരിപാടി നടന്നു. നാളെ രാവിലെ ഓച്ചിറ ക്ഷേത്രത്തിന് മുന്നിൽ ഒരുക്കിയ വേദിയിൽ കലാപരിപാടികളും പൈലറ്റ് പ്രസംഗങ്ങളും നടക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് രാഹുലിനെ ഓച്ചിറയിലേക്ക് സ്വീകരിക്കുന്നത്.