 
കരുനാഗപ്പള്ളി: വർഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കുവാനും ഭാരതീയ ജനതയെ ഒന്നിപ്പിക്കുവാനും എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് കരുനാഗപ്പള്ളിയിൽ വമ്പിച്ച വരവേൽപ്പ് നൽകും..ഇന്ന് വൈകിട്ട് കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ തെക്കേ അറ്രമായ കന്നേറ്റിയിൽ എത്തിച്ചേരുന്ന യാത്രയെ പതിനായിരങ്ങൾ വരവേൽക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇവിടെ നിന്ന് വർണാഭമായ വാദ്യഘോഷങ്ങളോടെയാണ് ഭാരത് ജോഡോ യാത്രയെ ടൗണിലേക്ക് ആനയിക്കുന്നത്. യാത്ര കടന്ന് പോകുന്ന വഴികൾ കൊടി തോരണങ്ങളും കൂറ്റൻ ഫ്ളക്സ് ബോർഡുകളും എൽ.ഇ.ഡി ലൈറ്റുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് രാഷ്ട്രീയ വിശദീകരണ യോഗവും നടക്കും.
നാളെ കായംകുളത്തേക്ക്
നാളെ രാവിലെ 7 മണിക്ക് തന്നെ ഭാരത യാത്ര കരുനാഗപ്പള്ളിയിൽ ആരംഭിക്കും. . കരുനാഗപ്പള്ളി മുതൽ ഓച്ചിറ വരെ ദേശീയപാതയുടെ ഇരു സൈഡിലും വിവിധ പ്ലോട്ടുകളും. നാടൻ കലാരൂപങ്ങളും ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള ആളുകളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തും. നാളെ രാവിലെ 8 മണിയോടെ താലൂക്ക് അതിർത്തിയായ ഓച്ചിറയിൽ നിന്ന് കായംകുളം അസംബ്ലി മണ്ഡലം കമ്മിറ്റി ജാഥയെ വരവേൽക്കും. ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്വീകരണമാണ് കരുനാഗപ്പള്ളിയിൽ ഒരുക്കിയിരിക്കുന്നതെന്ന് സ്വാഗതസംഘം ഭാരവാഹികളായ സി.ആർ.മഹേഷ് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ചിറ്റുമൂല നാസർ,എൻ.അജയകുമാർ, നീലികുളം സദാനന്ദൻ,
എന്നിവർ അറിയിച്ചു.