1-
പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന സ്റ്റാർച്ച് മുക്ക്- കൈതാകോടി റോഡ്

കൊല്ലം: പണി പാതിവഴിയിൽ നിറുത്തിയതിനെ തുടർന്ന് സ്റ്റാർച്ച് ജംഗ്‌ഷൻ- കൈതക്കോടി റോഡിന് ഇനിയും ശാപമോക്ഷമായില്ല. ജെ.മേഴ്സിക്കുട്ടിഅമ്മ മന്ത്രിയായിരിക്കുന്ന സമയത്താണ് കിഫ്ബിയിൽ നിന്ന് റോഡിനായി പണം അനുവദിച്ചത്. പെരുമ്പുഴ മൃഗാശുപത്രി- കേരളപുരം റോഡ്, കേരളപുരം- സ്റ്റാർച്ച് ജംഗ്‌ഷൻ, സ്റ്റാർച്ച് ജംഗ്‌ഷൻ- കൈതാകോടി എന്നിങ്ങനെ മൂന്ന് റോഡുകൾ ഒറ്റ ടെണ്ടറിലൂടെ പുനർനിർമ്മിക്കാനാണ് തുക അനുവദിച്ചത്. തുടർന്ന് ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് റോഡ് നിർമ്മാണം നടത്തിയെങ്കിലും സ്റ്റാർച്ച് ജംഗ്‌ഷൻ മുതൽ കൈതാകോടി വരെയുള്ള രണ്ട് കിലോമീറ്റർ നീളത്തിലുള്ള നിർമ്മാണം നടത്തിയില്ല. പ്രദേശവാസികൾ ഇക്കാര്യം അധികൃതരെ ചൂണ്ടിക്കാട്ടിയിട്ടും നടപടികളൊന്നുമുണ്ടായില്ല. തുടർപണികൾ ഉടൻ പൂർത്തീകരിക്കുമെന്ന പതിവ് പല്ലവി തന്നെ പൊതുമരാമത്ത് അധികൃതർ ആവർത്തിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസും നിലച്ചിട്ട് കാലങ്ങളായി. കുഴികളിലും മറ്റും വീണ് സ്‌കൂട്ടർയാത്രികർക്കും കുട്ടികൾക്കും പരിക്കേൽക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. നൂറോളം യാത്രക്കാർ സഞ്ചരിക്കുന്ന കൈതാകോടി റോഡ് പുനർനിർമ്മിക്കുകയും ബസ് സർവീസ് പുനഃരാരംഭിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

'' റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഃസ്സഹമായിട്ട് കാലങ്ങളായി. പണം അനുവദിക്കുകയും ടെണ്ടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തപ്പോൾ ആശ്വസിച്ചെങ്കിലും റോഡ് പുനർനിർമ്മാണം അനിശ്ചിതമായി നീളുകയാണ്. ഇതുവഴിയുള്ള നിരവധി യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞറിയുന്നതിനേക്കാൾ കൂടുതലാണ്""- അനീഷ് വ്ലാവേത്ത്, എസ്.എൻ.ഡി.പി. യോഗം ചെറുമൂട് വെള്ളിമൺ 1488-ാം നമ്പർ ശാഖ