കൊല്ലം: ഉളിക്കോവിലിലേക്ക് സന്ധ്യ കഴിഞ്ഞാലെത്തണമെങ്കിൽ ഓട്ടോറിക്ഷയോ കാൽനടയോ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ്. നിരവധി സ്വകാര്യബസുകൾ സർവീസ് നടത്തുന്ന ഇവിടേക്ക് രാത്രിയിൽ ബസുകൾ സ്വയം സഞ്ചാരവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അന്യജില്ലകളിൽ ജോലിക്ക് പോകുന്നവരും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരും യാത്രയ്ക്കായി ബുദ്ധിമുട്ടുകയാണ്. രാത്രി 7ന് ചിന്നക്കടയിൽ നിന്ന് പുറപ്പെടുന്ന സ്വകാര്യബസാണ് പ്രദേശത്തേക്കുള്ള അവസാനബസ്. ഇതിന് ശേഷമെത്തുന്നവർ കടപ്പാക്കടയിലെത്തി കാൽനടയായോ ഓട്ടോയിലോ സഞ്ചരിക്കണം. സാധാരണക്കാരായ നിരവധിപേർക്ക് ഓട്ടോയിലും മറ്റും എല്ലാദിവസവും യാത്രചെയ്യാൻ കഴിയുകയില്ല. എല്ലാ ബസുകളും രാത്രിയിൽ സർവീസ് നടത്തണമെന്ന ആവശ്യം നാട്ടുകാർക്കില്ലെങ്കിലും നിശ്ചിത ഇടവേളകളിൽ സ്വകാര്യബസുകൾ സർവീസ് നടത്തണമെന്ന ആവശ്യമാണ് അവർക്കുള്ളത്.
തുരുത്തിലേക്ക് ബസെത്തുന്നില്ല
ഉളിയക്കോവിൽ പെർമിറ്റുള്ള എല്ലാ സ്വകാര്യബസുകളും ക്ഷേത്രത്തിന് മുന്നിൽ സർവീസ് അവസാനിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഇവയെല്ലാം ലോക്ക് ഡൗണിന് മുമ്പ് ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ തുരുത്തിലേക്ക് സർവീസ് നടത്തിയിരുന്നവയാണ്. നേരത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന നടന്നിരുന്നപ്പോൾ ബസുകൾ കൃത്യമായി സർവീസ് നടത്തുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
'' സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സ്വകാര്യബസുകളെയാണ്. ബസ് സർവീസുകൾ മുടക്കുന്നത് രാത്രിയിൽ ജോലികഴിഞ്ഞെത്തുന്നവർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തിൽ അധികൃതശ്രദ്ധ അനിവാര്യമാണ്""- വേണു, സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം 5421-ാം നമ്പർ ഉളിയക്കോവിൽ നോർത്ത് ശാഖ