
കൊല്ലം: അഭിഭാഷകനെ മർദ്ദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്യുന്നതുവരെ കൊല്ലത്ത് കോടതി ബഹിഷ്കരണം തുടരാൻ അഭിഭാഷകരുടെ തീരുമാനം. ബുധനാഴ്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം സമരം അവസാനിപ്പിക്കാൻ ബാർ അസോസിയേഷൻ ഭാരവാഹികളുണ്ടാക്കിയ ധാരണ ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗം തിരുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയരായ സി.ഐ ഉൾപ്പെടെ നാലു പൊലീസുകാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള കമ്മിഷണറുടെ ഉത്തരവ് ഉച്ചയോടെ ഇറങ്ങിയെങ്കിലും സസ്‌പെൻഡ് ചെയ്യാതെ കോടതി ബഹിഷ്കരണം അവസാനിപ്പിക്കരുതെന്ന് വലിയൊരു വിഭാഗം അഭിഭാഷകർ ഉറച്ചനിലപാടെടുത്തു. കോടതി ബഹിഷ്കരണ സമരം തുടരണമെന്ന് 65 ഓളം വനിത അഭിഭാഷകർ പ്രത്യേകം ഒപ്പ് ശേഖരിച്ച് അസോസിയേഷൻ ഭാരവാഹികൾക്ക് നൽകുകയും ചെയ്തു.