കൊല്ലം: മയ്യനാട് ഭാഗത്ത് അങ്കണവാടിക്കും നഴ്‌സറിക്കും സമീപം തെരുവു നായ്ക്കളുടെ താവളമായി മാറുന്നത് രക്ഷിതാക്കളും നാട്ടുകാരിലും ആശങ്കയുണർത്തുന്നു. കൊച്ചുകുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങൾക്ക് സമീപം അറവുമാലിന്യം ഉൾപ്പെടെ തള്ളുന്നതാണ് തെരുവുനായ്ക്കളുടെ താവളമായി മാറാനുള്ള കാരണമായി മാറിയത്. ആലുംമൂട് കാഷ്യു ഫാക്ടറിക്ക് സമീപത്തും രാത്രിയുടെ മറവിൽ അറവ് മാലിന്യം തള്ളുന്നുണ്ട്. മയ്യനാട് ആലുമൂട്, നളന്ദ ജംഗ്‌ഷൻ, പീടികമുക്ക് തുടങ്ങി നിരവധിയിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. തൊട്ടടുത്ത് തന്നെ ഡ്രൈവിംഗ് സ്‌കൂളും പ്രവർത്തിക്കുന്നതിനാൽ നായ്ക്കൾ കുറുകെ ചാടി വാഹനാപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. വീടുകളിലും മറ്റുമുള്ള ചെരിപ്പും കഴുകിയിട്ടിരിക്കുന്ന വസ്ത്രങ്ങളും നായ്ക്കൾ കടിച്ചുകീറുന്നതും എടുത്തുകൊണ്ട് പോകുന്നതും നിത്യസംഭവമാണ്. അങ്കണവാടികളിലെയും നഴ്‌സറി സ്‌കൂളുകളിലെയും കുരുന്നുകൾ നായ്ക്കളെ ഭയന്ന് ഓടുന്നതും വീണ് പരിക്കേൽക്കുന്നതും ചെറുതല്ലാത്ത ആശങ്കയാണ് നാട്ടുകാർക്കുള്ളത്. പലയിടത്തും നാട്ടുകാരിൽ ചിലരുടെ നിരീക്ഷണമുള്ളത് മാത്രമാണ് തെല്ലങ്കിലും കുട്ടികളെ സുരക്ഷിതരാക്കുന്നത്.
'' കുട്ടികളുടെയും നാട്ടുകാരുടെയും സുരക്ഷയ്ക്ക് അധികൃതർ അടിയന്തരമായി ഇടപെടണം. അപകടമുണ്ടായതിന് ശേഷം പ്രതികരിക്കുന്നതിന് പകരം മുൻകരുതലുകൾ സ്വീകരിച്ച് തെരുവ് നായ്ക്കളിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കണം""-
മോഹൻ ലാൽ
എസ്.എൻ.ഡി.പി. യോഗം 3130-ാം നമ്പർ ആലുംമൂട് ശാഖാ പ്രസിഡന്റ്
'' അങ്കണവാടിയുടെ സമീപത്ത് തെരുവ് നായ്ക്കളുടെ സാന്നിദ്ധ്യമുണ്ടാക്കുന്നത് ചെറുതല്ലാത്ത ആശങ്കയാണുണ്ടാക്കുന്നത്. നായ്ക്കളെ പിടികൂടി ഷെൽട്ടറുകൾക്കോ മറ്റോ മാറ്റാൻ അധികൃതർ തയാറാകണം""
- വിനോദ് ഭാസ്കരൻ
എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡ്അംഗം, ശാഖാ സെക്രട്ടറി, പീടികമുക്ക് പ്രവാസി അസോസിയേഷൻ പ്രസിഡന്റ്