കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ കോലിഞ്ചിമല വിണ്ടും വിവാദത്തിൽ. ഇത്തവണ കുഴൽ കിണർ കുഴിക്കുന്നതിന് അനുമതി നൽകിയതാണ് വിവാദത്തിലായത്.
ഇന്നലെ രാവിലെ 11മണിയോടെ കോലിഞ്ചിമലയിൽ കുഴൽ കിണർ നിർമ്മാണത്തിനുള്ള യന്ത്രങ്ങൾ ഘടിപ്പിച്ച വാഹനം എത്തിയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കോലിഞ്ചിമല സംരക്ഷണ സമിതിയംഗങ്ങൾ സി.പി.എമ്മിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അനുമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വാഹനങ്ങൾ ക്വാറിയിലേക്ക് കടത്തിവിടാനാണ് അവർ ശ്രമിച്ചത്. സംരക്ഷണസമിതി ഗ്രാമപഞ്ചായത്തിൽ തിരക്കിയപ്പോൾ അനുമതി നൽകിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷേ അനുമതിയുടെ പകർപ്പ് പൊലീസ് കാണിച്ചതോടെ സംഘടിച്ചെത്തിയവർക്ക് പ്രതിഷേധത്തിൽ നിന്ന് പിൻമാറാൻ നിർബന്ധിതരായി. പ്രശ്നം മോശമാകുമെന്ന് കണ്ടതോടെ സി.പി.എം ഏരിയ കമ്മിറ്റി വിഷയത്തിൽ ഇടപെട്ടു. ഏരിയ സെക്രട്ടറി ഡിവൈ.എസ്.പിയെ ഫോണിൽ ബന്ധപ്പെട്ട് തർക്കം പരിഹരിച്ചതിന് ശേഷം കുഴൽ കിണർ നിർമ്മിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ടു. ഇതോടെ ക്വാറിയുടമയോട് താത്ക്കാലികമായി നിർമ്മാണം നിറുത്തി വെയ്ക്കാൻ പൊലീസ് നിർദ്ദേശിച്ചു. അതേസമയം ഗ്രാമപഞ്ചായത്ത് ഭരണ സമിതി അറിയാതെയാണ് സെക്രട്ടറി അനുമതി നൽകിയതെന്ന അരോപണമുയർന്നു. ഇതിന് മറുപടിയായി താൻ ട്രെയിനിംഗിലായിരുന്നുവെന്നും അസി.സെക്രട്ടറിയാണ് അനുമതി നൽകിയതെന്നും സെക്രട്ടറി സജി ജോൺ പ്രതികരിച്ചു. ക്വാറിനടത്തിപ്പുകാർ പാട്ടത്തിനെടുത്ത സ്ഥലത്തിന്റെ ഉടമ സജീവാണ് കുഴൽകിണർ നിർമ്മിക്കാൻ അനുമതി ആവശ്യപ്പെട്ടതെന്നും കൂടാതെ ഭൂഗർഭജല വകുപ്പിൽ നിന്നുമുള്ള അനുമതിയും ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് താൻ അനുമതി നൽകിയതെന്ന് അസി.സെക്രട്ടറി ശശികുമാർ പറഞ്ഞു.