kunnathoor-

കുന്നത്തൂർ : 875 മില്ലിഗ്രാം എം.ഡി.എം.എയും 50 നൈട്രാസെപാം ഗുളികകൾ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ. പോരുവഴി ഇടയ്ക്കാട് മലവാതിൽ ശ്രീമൂലം വീട്ടിൽ ആകാശ് ഉദയൻ (20) ആണ് അറസ്റ്റിലായത്. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടമ്പനാട് വച്ച് നടത്തിയ പരിശോധനയിലാണ് ആകാശ് അറസ്റ്റിലായത്. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ന്യൂജൻ മയക്കുമരുന്നുകളുടെ വില്പനയും ഉപയോഗവും തടയാൻ വേണ്ടി എക്സൈസ് പ്രത്യേക ഷാഡോ ടീമിനെ കുന്നത്തൂർ താലൂക്കിൽ വിന്യസിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മയക്കുമരുന്നുമായി ഏഴാംമൈൽ,ശാസ്താംനട വഴി എത്തുന്നതറിഞ്ഞ് പരിശോധന നടത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. തുടർന്ന് എക്സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചു വരികയായിരുന്നു.കാമുകിയുമായുള്ള ബാംഗ്ലൂർ യാത്രയ്ക്കിടെ മുളവന സ്വദേശിയിൽ നിന്നാണ് ആകാശ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയത്. നാട്ടിൽ മടങ്ങിയെത്തിയ ശേഷം സുഹൃത്തുമായി ചേർന്ന് ഉപയോഗം പതിവാക്കുകയും ക്രമേണ വില്‌പ്പനയിലേക്ക് കടക്കുകയുമായിരുന്നു. ശാസ്താംകോട്ട എക്സൈസ് ഇൻസ്പക്ടർ അജയകുമാർ,അസി. എക്സൈസ് ഇൻസ്പക്ടർ സനിൽകുമാർ,പ്രത്യക ഷാഡോ അംഗങ്ങളായ അനീഷ്,അജയൻ,ശ്യാംകുമാർ, അശ്വന്ത്.എസ്.സുന്ദരം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.