
കൊല്ലം: ജില്ലയുടെ ഹൃദയഭൂമിയിലൂടെയാണ് ഇന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രയാണം. യാത്രയ്ക്കിടയിലെ വിശ്രമ വേളയിൽ ജില്ലയിൽ ഏറ്രവുമധികം ദുരിതം അനുഭവിക്കുന്ന കശുഅണ്ടി തൊഴിലാളികളുമായി രാഹുൽ സംവദിക്കും.
രാവിലെ 6.30ന് പോളയത്തോട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ചിന്നക്കട, രാമൻകുളങ്ങര വഴി നീണ്ടകരയിൽ സമാപിക്കും. ഇരവിപുരം, കൊല്ലം അസംബ്ലി നിയോജക മണ്ഡലത്തിലെ പ്രവർത്തകരും, കുടുംബാംഗങ്ങളും യാത്രയിൽ അണിചേരും. ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ കശുഅണ്ടി തൊഴിലാളികൾ, ചെറുകിട കശുഅണ്ടി വ്യവസായികൾ, ആർ.എസ്.പി നേതാക്കൾ, കരിമണൽ മേഖലയിലെ തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും.
വൈകിട്ട് 3.30ന് ചവറയിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂർ, ചവറ നിയോജക നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. കരുനാഗപ്പള്ളിയിൽ പൊതു സമ്മേളനത്തോടെ സമാപിക്കും. പള്ളിമുക്കിലേത് പോലെ കരുനാഗപ്പള്ളിയിലും രാഹുൽ പ്രസംഗിക്കുമെന്നാണ് പ്രതീക്ഷ. 17ന് രാവിലെ 6.30ന് കരുനാഗപ്പള്ളിയിൽ നിന്ന് യാത്ര ആരംഭിച്ച് ഓച്ചിറ വഴി ആലപ്പുഴയിൽ പ്രവേശിക്കും.
ജോഡോ യാത്ര കടന്നുപോകുന്ന പാതയ്ക്ക് ഇരുവശവും കലാരൂപങ്ങളുടെ അവതരണം വിവിധ കോൺഗ്രസ് കമ്മിറ്റികൾ ഒരുക്കിയിട്ടുണ്ട്. പോളയത്തോട് മുതൽ ഓച്ചിറ വരെയുള്ള പാതയുടെ ഇരുവശങ്ങളും കോൺഗ്രസ് പതാകകളും തോരണങ്ങളും രാഹുൽ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഒന്നാം പര്യടനദിവസമായ ബുധനാഴ്ച നേതാക്കളുടെയും പ്രവർത്തകരുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന പ്രകമ്പനമാണ് ഭാരത് ജോഡോ യാത്ര ജില്ലയിൽ സൃഷ്ടിച്ചത്. സധാരണ പാർട്ടി പരിപാടികൾക്ക് നിർബന്ധിച്ചാണ് പ്രവർത്തകരെ പങ്കെടുപ്പിക്കുന്നത്. എന്നാൽ ബുധനാഴ്ച ഗ്രാമങ്ങളിൽ വാഹനങ്ങൾ എത്തിയതോടെ പ്രവർത്തകർ തിക്കിത്തിരക്കി കയറുകയായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ പ്രവർത്തകരും അനുഭാവികളും സ്വന്തമായി വണ്ടി പിടിച്ചും എത്തി. ഇന്നും സമാനമായ ജനവേലിയേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.