 
ചവറ : ഇന്നലെ രാത്രി വൈകിയും കോൺഗ്രസ് ചവറ മണ്ഡലം കമ്മിറ്റിയും യു.ഡി.എഫ് നേതൃത്വവും രാഹുൽ ഗാന്ധിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. നേരം പുലരുമ്പോൾ മുതൽ ആയിരങ്ങൾ രാമൻ കുളങ്ങരയിലേക്ക് ഒഴുകിയെത്തും . രാവിലെ 9 മണിയോടെ ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചവറയിലേക്ക് ആനയിക്കും. നീണ്ടകരയിലെ മത്സ്യബന്ധന തൊഴിലാളികളും ചവറയിലെ കരിമണൽ, കശുഅണ്ടി തൊഴിലാളികളും വമ്പിച്ച സ്വീകരണം നൽകും. രാമൻകുളങ്ങര മുതൽ കന്നേറ്റിപ്പാലം വരെ നാഷ്ണൽ ഹൈവേയുടെ ഇരുവശങ്ങളും കൊടിതോരണങ്ങൾ കൊണ്ടും വിവിധ വാർഡ്, ബൂത്ത് തല കമ്മിറ്റികളുടെ ഫ്ലക്സ് ബോർഡുകൾ കൊണ്ടും കൂറ്റൻ കട്ടൗട്ടുകളും ചുവരെഴുത്തുകളും കമാനങ്ങളും ആർച്ചുകളും കൊണ്ട് അലങ്കരിച്ചു. ശക്തികുളങ്ങരയിൽ മുത്തുക്കുടകൾ കൊണ്ടുള്ള അലങ്കാരങ്ങൾ ഉണ്ട്. ചവറ മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിൽ ആർ.എസ്.പിയുടെ നേതാക്കളായ എൻ.കെ.പ്രേമചന്ദ്രനും ഷിബുബേബിജോണും രാഹുൽ ഗാന്ധിയോടൊപ്പം നിൽക്കുന്ന ചിത്രത്തോടുകൂടിയ കൂറ്റൻ ഫ്ലക്സു ബോർഡുകൾ ഉയർത്തി ഘടക കക്ഷി എന്ന നിലയിൽ രാഹുൽ ഗാന്ധിയെ സ്വീകരിയ്ക്കാൻ ആർ.എസ്.പിയും മുന്നിലുണ്ട്. നീണ്ടകര കടൽത്തീരം ശിവാ ബീച്ച് ഹോട്ടലിൽ എത്തുന്ന രാഹുൽ ഗാന്ധിക്കും പ്രവർത്തകർക്കും ഭക്ഷണം തയ്യാറാക്കാൻ കെ.പി.സി .സി പ്രത്യേകം ആളുകളെ ഒരുക്കിയിരിക്കുകയാണ്.