 
കൊല്ലം: തൃക്കടവൂർ നീരാവിൽ ഭാഗത്ത് കുടിവെള്ള വിതരണം നിലച്ചിട്ട് 10 മാസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ കോർപ്പറേഷൻ, ജലവിഭവ വകുപ്പ് അധികൃതർ. കുടിവെള്ള വിതരണത്തിന് ടാങ്കർ ലോറിയടക്കമുള്ള സേവനം പ്രയോജനപ്പെടുത്താമെന്നിരിക്കെ കോർപ്പറേഷൻ അധികൃതർ അക്കാര്യത്തിലടക്കം താത്പര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സമീപത്തെ വീടുകളിലെ കിണറുകളെയും സ്വകാര്യ ഏജൻസികളെയുമാണ് പ്രദേശത്തുള്ളവർ ഇപ്പോൾ ആശ്രയിക്കുന്നത്.
കുഴൽക്കിണറിനായി തുക അനുവദിച്ചെന്ന് ഫ്ളക്സ്
നീരാവിൽ എസ്.എൻ.ഡി.പി.യോഗം സ്‌കൂളിന് സമീപത്തുള്ള കുഴൽക്കിണറിൽ നിന്നാണ് നീരാവിൽ തൃക്കടവൂർ മേഖലകളിൽ വെള്ളം വിതരണം ചെയ്തിരുന്നത്. പത്തുമാസം മുമ്പ് മോട്ടോർ കേടായതിനെ തുടർന്ന് പമ്പ് ഹൗസ് പ്രവർത്തനം നിലച്ചപ്പോൾ അധികൃതർ പുതിയ കുഴൽ കിണർ നിർമ്മിക്കണമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. കുഴൽക്കിണറിൽ ചെളി നിറഞ്ഞെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പ്രദേശത്തെ കുടിവെള്ള വിതരണത്തിന് ഒരു തീരുമാനവുമുണ്ടായില്ല. നാട്ടുകാർ പ്രതിഷേധവുമായി കോർപ്പറേഷൻ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടികളുണ്ടായില്ല. ഇതിന് തൊട്ടുപിന്നാലെ പുതിയ കുഴൽക്കിണറിനായി 20 ലക്ഷം രൂപ അനുവദിച്ചതായി കാട്ടി നീരാവിൽ ഭാഗത്ത് ഫ്ളക്സ് സ്ഥാപിക്കുകയും രണ്ടു മാസത്തിന് ശേഷം അത് നീക്കുകയും ചെയ്തു.
നാട്ടുകാരെ വെല്ലുവിളിച്ച് അധികൃതർ
നിലവിലെ പമ്പ് ഹൗസ് പരിസരത്തും നീരാവിൽ ലക്ഷംവീട്ടിലും കുഴൽക്കിണർ സ്ഥാപിക്കാനാണ് തുക അനുവദിച്ചതെന്നാണ് ഫ്ളക്സിൽ പരസ്യപ്പെടുത്തിയത്. പൈപ്പുകൾ സ്ഥാപിക്കുന്നതിന് ഇതിൽ കൂടുതൽ പണം വേണ്ടിവരുമെന്ന കാരണത്താൽ കരാറേറ്റെടുക്കാൻ ആരും തയാറാകുന്നില്ലെന്ന മുട്ടാപ്പോക്ക് ന്യായീകരണമാണ് അധികൃതർ ഇപ്പോൾ നൽകുന്നത്. ഒരു പ്രദേശത്തിന്റെയാകെ കുടിവെള്ളം മുട്ടിച്ച ശേഷം തൊടുന്യായങ്ങൾ നിരത്തി നാട്ടുകാരെ വെല്ലുവിളിക്കുകയാണ് അധികൃതർ.
കുടിവെള്ള വിതരണം മുടങ്ങി 10 മാസം പിന്നിട്ടിട്ടും പകരം സംവിധാനം ഏർപ്പെടുത്താത്ത അധികൃതരുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ അവഗണന അധികൃതർ അവസാനിപ്പിക്കണം.
പി. സുന്ദരേശൻ, പ്രസിഡന്റ്,
എസ്.എൻ.ഡി.പി യോഗം 564 -ാം നമ്പർ നീരാവിൽ ശാഖ
കുടിവെള്ളം മുടങ്ങിയതിൽ ശാഖ ശക്തമായി പ്രതിഷേധിച്ചിരുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ശാഖയുടെ നേതൃത്വത്തിൽ പൊതുസമൂഹത്തെ അണിനിരത്തി പ്രത്യക്ഷ സമരം സംഘടിപ്പിക്കും.
എം. ഷാജിമോഹൻ,
നീരാവിൽ ശാഖ സെക്രട്ടറി