photo
ഇടമുളയ്ക്കൽ തടിക്കാട് റോഡിലെ പനച്ചവിള ഭാഗത്തെ കുഴി

തകർന്ന് തരിപ്പണമായി ഇടമുളയ്ക്കൽ -തടിക്കാട് റോഡ്

അഞ്ചൽ: തകർന്ന് തരിപ്പണമായി നാട്ടുകാരെ ദുരിതത്തിലാക്കുകയാണ് ഇടമുളയ്ക്കൽ-തടിക്കാട് റോഡ്. റോഡിലെ കുണ്ടും കുഴികളുമടയ്ക്കാൻ ആരുമില്ല. ചെറിയ രീതിയിലുള്ള അറ്റകുറ്റപ്പണികളെങ്കിലും നടത്തിയിട്ട് വർഷങ്ങളായി. കുഴി നിറഞ്ഞ റോഡിൽ മെറ്റലും ഇളകി ചിതറികിടക്കുകയാണ്. ഇരുചക്രവാഹനങ്ങളും മറ്റ് യാത്രക്കാരും എല്ലാം ഈ തക‌ർന്ന റോഡിലൂടെ യാത്ര ചെയ്ത് നരകിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ മിക്ക റോഡുകളും ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കുകയോ പണികൾ ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇടമുളയ്ക്കൽ -തടിക്കാട് റോഡിനെ അധികൃത‌ർക്ക് അവഗണിച്ചിരിക്കുകയാണ്.

ഇടമുളയ്ക്കൽ-തടിക്കാട് റോഡ്

അഞ്ചൽ ഭാഗത്തു നിന്ന് കൊട്ടാരക്കര, പൊലിക്കോട്, വാളകം, വെട്ടിക്കവല എന്നിവിടങ്ങളിലേക്ക് വേഗത്തിലെത്താം

ടൂറിസ്റ്റ് കേന്ദ്രമായ മലമേൽ, അറയ്ക്കൽ ക്ഷേത്രം തുടങ്ങിയയിടത്തേക്കുള്ള പ്രധാന പാത

പാലമുക്ക്, തടിക്കാട് വില്ലേജ് ഓഫീസുകളിലേക്കുള്ള വഴി

റോഡ് ആരംഭിക്കുന്നത് ഇടമുളയ്ക്കൽ പനച്ചവിള ജംഗ്ഷനിൽ

ഇടമുളയ്ക്കൽ -തടിക്കാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. നിരവധി വാഹനങ്ങളും കാൽനടക്കാരും പോകുന്ന ഈ റോഡിൽ അപകടങ്ങളും വർദ്ധിച്ചിട്ടുണ്ട്. പാലമുക്ക്, തടിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂൾ കുട്ടികൾക്കുള്ള ഏക വഴിയുമിതാണ്.

അഡ്വ. വി.ശ്രീനിവാസൻ, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം പാലമുക്ക് ശാഖ

പനച്ചവിള- തടിക്കാട് റോഡിന്റെ കാര്യത്തിൽ കടുത്ത അവഗണനയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാട്ടുന്നത്. അധികൃതർക്ക് നിരവധ പരാതികൾ നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. റോഡിൽ രൂപപ്പെട്ട കുഴികൾ അടയ്ക്കാൻ പോലും നടപടിയില്ല. ബന്ധപ്പെട്ടവർ ഇനിയെങ്കിലും കണ്ണ് തുറക്കണം.

ബി. വേണുഗോപാൽ, വി.എസ്.എസ് മുൻ പ്രസിഡന്റ്, പനച്ചവിള യൂണിറ്റ്