കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ എഴുകോൺ ജംഗ്‌ഷന് സമീപമുള്ള റെയിൽവേ ഓവർ ബ്രിഡ്ജിന്റെ വശങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുമെന്ന വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കം. ഒരു വർഷത്തിനിടെ 10 ഓളം വാഹനങ്ങൾ പാലത്തിൽ നിന്ന് താഴേക്ക് വീണ് അപകടത്തിൽപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. കൊട്ടാരക്കര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ട വാഹനങ്ങളിലധികവും.
ദേശീയപാത അധികൃതർ
ഒളിച്ചുകളി അവസാനിപ്പിക്കണം
വീതിക്കുറവും കുത്തനെയുള്ള കയറ്റവും അപ്പ്രോച്ച് റോഡിലുള്ള കൊടുംവളവുമാണ് അപകടത്തിന് കാരണം. 250 മീറ്റർ നീളത്തിലുള്ള അപ്പ്രോച്ച് റോഡിന്റെ ഇരുവശവും ക്രാഷ് ബാരിയർ സ്ഥാപിക്കുമെന്നും ടെൻഡർ നടപടികൾ പൂർത്തിയായെന്നും ദേശീയപാത അധികൃതർ പറയാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഓരോ അപകടങ്ങൾ നടക്കുമ്പോഴും പ്രദേശവാസികളും സ്ഥലത്തെ ഓട്ടോ ടാക്സി തൊഴിലാളികളും പൊതുമരാമത്ത്, ദേശീയപാത അധികൃതരെ ബന്ധപ്പെടുമ്പോൾ തൊട്ടടുത്ത മാസം പണികൾ ആരംഭിക്കുമെന്നാണ് മറുപടി ലഭിക്കുന്നത്. ഇത്തരത്തിൽ വർഷങ്ങൾ പിന്നിട്ടിട്ടും ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത് മാത്രം ഇതുവരെയും നടപ്പായില്ല. ദേശീയപാത പൊതുമരാമത്ത് അധികൃതർ ഒളിച്ചുകളി അവസാനിപ്പിച്ച് പാലത്തിലൂടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
'' ടെൻഡർ നടപടികൾ പൂർത്തീകരിച്ചെന്ന് വർഷങ്ങളായി അധികൃതർ പറയുമ്പോഴും ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത് ഇതുവരെയും നടന്നിട്ടില്ല. പാലത്തിൽ ക്രാഷ് ബാരിയർ സ്ഥാപിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകണം"'-
എ. ലാൽജി, എഴുകോൺ