കൊല്ലം: ജനഹൃദയങ്ങളിൽ രാജകുമാരനായി ഇടമുറപ്പിച്ച് രാഹുൽ ഗാന്ധിയുടെ ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം. ആദ്യദിവസത്തെ പര്യടനം സൃഷ്ടിച്ച പ്രകമ്പനത്തിൽ ആവേശഭരിതരായി നേതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ജനസാഗരമാണ് ഇന്നലെ ഭാരത് ജോഡോ യാത്രയിൽ രാഹുലിന് പിന്നിൽ അണിനിരന്നത്.
രാവിലെ പോളയത്തോട്ടിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ടായിരുന്നു രാഹുൽ യാത്ര തുടങ്ങിയത്. വഴിവക്കിൽ പൂക്കളുമായി നിന്ന കുട്ടികളെയെല്ലാം അടുത്തേക്ക് വിളിച്ച് രാഹുൽ ഒപ്പം നടത്തി. വഴിവക്കിൽ കാത്തുനിന്ന അമ്മമാരെ നെഞ്ചോടു ചേർത്തുപിടിച്ച്. നീണ്ടകരയിൽ ജോഡോയാത്ര സൃഷ്ടിച്ച കരുക്കിൽപ്പെട്ട് കിടന്ന സ്കൂൾ ബസിനുള്ളിലേക്കും രാഹുൽ അപ്രതീക്ഷിതമായി നടന്നുകയറി. ബസിലുണ്ടായിരുന്ന കുട്ടികൾക്കെല്ലാം ഷേക്ക് ഹാൻഡ് നൽകി. രാവിലെ കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ പ്രവർത്തകരാണ് രാഹുലിനെ അനുഗമിച്ചത്.
വൈകിട്ട് പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂർ, ചവറ മണ്ഡലങ്ങളിലെ പതിനായിരങ്ങൾ രാഹുലിന് പിന്നാലെ അണിനിരന്നു. യാത്ര സമാപന കേന്ദ്രമായ കരുനാഗപ്പള്ളിയിലേക്ക് എത്തിയപ്പോൾ അവിടെ ഒരു ജനസാഗരം തന്നെ രാഹുലിനെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. രാഹുൽ ജീ... എന്ന ആർപ്പുവിളികൾക്ക് കൈവീശി നന്ദി പ്രകടിപ്പിച്ച് പൊതുസമ്മേളന വേദിയിലേക്ക് നടന്നുകയറി. പോളയത്തോട് മുതൽ കരുനാഗപ്പള്ളി വരെ പതിനായിരങ്ങൾ രാഹുലിനെ കാണാൻ പാതവക്കുകളിൽ കാത്തുനിൽക്കുണ്ടായിരുന്നു. അവർക്കെല്ലാം പുഞ്ചിരി കൊണ്ട് നന്ദി പ്രകടിപ്പിച്ചായിരുന്നു രാഹുലിന്റെ മുന്നേറ്റം.