 
കൊല്ലം: ജനക്കൂട്ടം അലക്കടലായി, ആവേശം കൊടുമുടിയോളമായി, കൊല്ലത്തിനു പുതുചരിത്രമായി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. ചവറ മുതൽ കരുനാഗപ്പള്ളി വരെ ഒമ്പത് കിലോ മീറ്റർ യാത്രയിൽ പതിനായിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു ആവേശഭരിതമാക്കി. രാത്രി 8മണിയോടെ കരുനാഗപ്പള്ളിയിൽ യാത്ര അവസാനിക്കുമ്പോൾ കൊല്ലം കണ്ട ഏറ്റവും വലിയ ജല പ്രവാഹമായി യാത്ര മാറിയിരുന്നു. വൈകുന്നേരം 5.10ന് ചവറ പാലത്തിനു സമീപത്തു നിന്ന് യാത്ര ആരംഭിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പേ ചവറയും സമീപ പ്രദേശങ്ങളും ജനസാഗരമായി മാറിയിരുന്നു. കോൺഗ്രസ് പതാകകൾ വീശിയും തൊണ്ട പൊട്ടുമാറുച്ചതിൽ മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ നേതാവിനായി കാത്തിരുന്നു. രാവിലത്തെ യാത്രക്ക് ശേഷം പരിമണത്തെ ശിവം ഹോട്ടലിൽ വിശ്രമിക്കുകയായിരുന്ന രാഹുൽ ഗാന്ധി, നീണ്ട വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെ പാലം ജംഗ്ഷനിൽ എത്തിയതോ ടെ ജനക്കൂട്ടം ഇളകി മറിഞ്ഞു.ഒരിഞ്ച് മുന്നോട്ട് പോകാനാവാത്ത വിധം പ്രവർത്തകർ റോഡ് നിറഞ്ഞു. സുരക്ഷാഉദ്യോഗസ്ഥരും പൊലീസും ഏറെ ബുദ്ധിമുട്ടി ജനങ്ങളെ നിയന്ത്രിച്ചാണ് യാത്ര തുടർന്നത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ,കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കോടിക്കുന്നിൽ സുരേഷ്, എം. പി മാരായ കെ. മുരളീധരൻ, എൻ.കെ.പ്രേമചന്ദ്രൻ, പി. സി. വിഷ്ണുനാഥു എം.എൽ.എ, ഷിബു ബേബി ജോൺ, എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ രാഹുൽ ഗാന്ധിക്ക് ഒപ്പം മുൻ നിരയിൽ നീങ്ങി. പാതയുടെ ഇരുവശവും കാത്തുനിന്ന സ്ത്രീകളടക്കമുള്ള പ്രവർത്തകരെ കൈകൾ വീശി രാഹുൽ അഭിവാദ്യം ചെയ്തു. കൊറ്റൻ കുളങ്ങര പിന്നിട്ടു ശങ്കര മംഗലം എത്തിയപ്പോഴേക്ക് 5.43 ആയി. ശങ്കര മംഗലം, ചവറ ടൈറ്റാനിയം,പന്മന, ഇടപ്പള്ളിക്കോട്ട എന്നിവടങ്ങളിലെല്ലാം വലിയ ജനക്കൂട്ടം കാത്തു നിന്നിരുന്നു. വഴിയിൽ കാത്തു നിന്നവരുടെ അടുത്തേക്ക് പോയി അവരോട് സംസാരിക്കാനും സമയം കണ്ടെത്തി. കുട്ടികൾ ഒപ്പമെത്തി സെൽഫി എടുക്കാനും തിരക്ക് കൂട്ടി. സ്വന്തമായി വരച്ച രാഹുലിലിന്റെ ഫോട്ടോയുമായി എത്തി സമ്മാനിക്കാനും കുട്ടികൾ എത്തി. ഇതിനിടെ, കോടിക്കുന്നിൽ കവറിലാക്കി കൊണ്ടു വന്ന സ്നാക്സ് രാഹുൽ ഗാന്ധി കഴിച്ചു. വൈകുന്നേരം ആറര യോടെ കുറ്റിവട്ടത്തുള്ള അന്നപൂർണ്ണ ഹോട്ടലിൽ കയറി ചായയും പലഹാരങ്ങളും കഴിച്ചു. 20മിനിറ്റ് ഹോട്ടലിൽ ചെലവഴിച്ച ശേഷം യാത്ര ആരംഭിച്ചപ്പോഴേക്കും ഇരുൾ പരന്നിരുന്നു. വിളംബര വാഹനത്തിന്റെ ലൈറ്റ് വെളിച്ചതിലായിരുന്നു തുടർ യാത്ര. കൊല്ലകയിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ത്രീകളുടെ ചെണ്ട മേളം രാഹുൽ നന്നായി ആസ്വദിച്ചു. വേദിക്കടുത്ത് അല്പ സമയം ചെലവഴിച്ച ശേഷമാണ് യാത്ര തുടർന്നത്. കരുനാഗപ്പള്ളിക്ക് തൊട്ടു മുമ്പ് കന്നേറ്റി പാലം എത്തിയതോടെ പ്രവർത്തകർ ആവേശത്തോടെ ഇളകി മറിയുകയായിരുന്നു. ജനക്കൂട്ടം നിറഞ്ഞൊഴുകുന്ന പുഴ പോലെ പാതയിലൂടെ നിറഞ്ഞൊഴുകി. കിലോ മീറ്ററോളം ജനക്കൂട്ടം നീണ്ടു. പാതയുടെ ഇരുവശങ്ങളിലും സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം പതിനായിരങ്ങളാണ് രാഹുലിനെ ഒരു നോക്ക് കാണാൻ കാത്തു നിന്നിരുന്നത്. 7.50നു കരുനാഗപ്പള്ളിയിൽ യാത്ര അവസാനിച്ചു.