
കൊല്ലം: കൊവിഡിന് ശേഷം സർവീസുകൾ പുനരാരംഭിച്ചപ്പോൾ റെയിൽവേയുടെ സ്റ്റോപ്പ് ലിസ്റ്റിൽ നിന്ന് മൺറോത്തുരുത്ത് പുറത്തായി. കൊല്ലം - കോട്ടയം പാസഞ്ചർ, ഗുരുവായൂർ - പുനലൂർ എക്സ്‌പ്രസ് ട്രെയിനുകൾ മൺറോത്തുരുത്തിൽ നിറുത്തുന്നില്ല.
വൈകിട്ട് 5.10ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന പാസഞ്ചറും 7.20ന് പുറപ്പെടുന്ന ഗുരുവായൂർ എക്സ്‌പ്രസും സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും ഓഫീസ് സമയം കഴിഞ്ഞ് വീടുകളിലേക്ക് പോകുന്നവർക്കും വളരെ വേഗം തുരുത്തിലെത്താമെന്നതായിരുന്നു പാസഞ്ചർ ട്രെയിനിന്റെ പ്രയോജനം.
തുരുത്തിലുള്ളവർ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് കൊല്ലം നഗരത്തെയാണ്. അതുകൊണ്ടു തന്നെ വൈകുന്നേരത്തെ പാസഞ്ചറായിരുന്നു ജനങ്ങളുടെ ആശ്രയം. കൊവിഡ് കഴിഞ്ഞ് മറ്റെല്ലാ സ്റ്റോപ്പുകളും പുനഃസ്ഥാപിച്ചിട്ടും മൺറോത്തുരുത്ത് മാത്രം അവഗണിക്കപ്പെട്ടു. ഉച്ചക്ക് 2.30നുള്ള മെമു കഴിഞ്ഞാൽ 6.45ന് കൊല്ലത്തു നിന്ന് പുറപ്പെടുന്ന ഇന്റർസിറ്റി എക്സ് പ്രസ് വരുന്നതുവരെ കാത്തിരുന്നെങ്കിലേ ട്രെയിൻ സൗകര്യം ലഭ്യമാകൂ. എന്നാൽ രാവിലെ 7.11ന് കൊല്ലത്തിന് പോകുന്ന പാസഞ്ചർ ട്രെയിൻ സ്റ്റേഷനിൽ നിറുത്തുന്നുണ്ട്.
കൊല്ലത്ത് നിന്ന് റോഡ് മാർഗം മൺറോത്തുരുത്തിൽ എത്തണമെങ്കിൽ കുണ്ടറ വഴി കിലോമീറ്ററുകൾ സഞ്ചരിക്കണം. അല്ലെങ്കിൽ ജങ്കാറാണ് ആശ്രയം. യാത്രക്കാർ പാസഞ്ചേഴ്സ് അസോസിയേഷൻ രൂപീകരിച്ച് വിഷയം ഉദ്യോഗസ്ഥ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും റെയിൽവേ മനസ് മാറ്റിയില്ല. പാസഞ്ചർ, സ്പെഷ്യൽ ട്രെയിനായി ഓടുന്നതിനാൽ സ്റ്റോപ്പ് അനുവദിക്കില്ലെന്നാണ് റെയിൽവേയുടെ നിലപാട്.
ചൂളം വിളിച്ച് സ്റ്റേഷൻ ദുരിതം
1. നിലവിലുള്ളത് ചെറിയ ഓഫീസും ഉയരം കുറഞ്ഞ രണ്ട് പ്ളാറ്റ് ഫോമും
2. ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പില്ല
3. മലബാർ എക്സ്‌പ്രസിന്റെ സ്റ്റോപ്പ് നേരത്തേ ഇല്ലാതായി
4. പ്ളാറ്റ് ഫോമിന്റെ നീളക്കുറവാണ് കാരണം
5. പ്ളാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് ഫുട്ട് ഓവർബ്രിഡ്ജുകളില്ല
കോട്ടയം, ഗുരുവായൂർ പാസഞ്ചറുകൾക്ക് വൈകുന്നേരം സ്റ്റോപ്പില്ലാത്തത് യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു. അടിയന്തരമായി സ്റ്റോപ്പ് പുനഃസ്ഥാപിക്കണം.
കെ. ശിവ പ്രസാദ്, സെക്രട്ടറി
റെയിൽവേ പാസഞ്ചേഴ്സ് അസോ.